ന്യൂദൽഹി: രാജ്യത്ത് 55ഓളം ഭീകരർ വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ പ്രചോദിതരായിട്ടുള്ളവരാണെന്ന് ദേശീയ അന്വേഷണ ഏജൻസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയ ഭീകരരെ വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ കഴിഞ്ഞത്.
കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് ദേശീയ അന്വേഷണ ഏജൻസി ഭീകരരെ ചോദ്യം ചെയ്തത്. സക്കീർ നായിക്കിന്റെ വർഗീയ പ്രഭാഷണങ്ങൾ തുടർച്ചയായി കാണുന്നവരാണ് ഈ 55 ഭീകരരെന്ന് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. 2005 മുതൽ എൻഐഎ ഏജൻസി അറസ്റ്റ് ചെയ്ത സിമി, ലഷ്കർ ഇ തൊയ്ബ, ഇന്ത്യൻ മുജാഹിദ്ദീൻ, ഐഎസ് തുടങ്ങിയ തീവ്രവാദ സംഘടനകളിൽ നിന്നുള്ള ഭീകരരാണ് പ്രഭാഷണങ്ങളിൽ ആകൃഷ്ടരായവരിൽ ഭൂരിഭാഗവും.
വർഗീയ പ്രഭാഷണങ്ങൾ നടത്തുന്ന സക്കീർ നായിക്കിനെതിരെ നിയമനടപടി എടുക്കാനാകുമോ എന്നും ആഭ്യന്തര മന്ത്രാലയം പരിശോധിച്ച് വരികയാണ്. സക്കീർ നായിക്കിന്റെ വർഗീയ പ്രഭാഷണങ്ങൾ രാജ്യത്തെ മുസ്ലീം യുവാക്കൾക്കിടയിൽ ഭീകരവാദം വളർത്തുവാൻ പ്രചോദനമാകുന്നുണ്ടെന്ന് ഏജൻസി കണ്ടെത്തിയിരുന്നു.
















