മീററ്റ്: കഴുത്തു നിറയെ സ്വർണ്ണമാലകൾ, അവയിൽ ലോക്കറ്റുകൾ, മോതിരങ്ങൾ, വളകൾ… ഒന്നും രണ്ടുമല്ല നാലു കോടി വിലമതിക്കുന്ന 12 കിലോ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞാണ് സ്വാമിയുടെ യാത്ര. ചുറ്റും തോക്കേന്തിയ പത്തു സുരക്ഷാ ഭടന്മാരുമുണ്ട്, സ്വാമി സ്വർണ്ണാനന്ദയെ കാക്കാൻ. കൂടെ വാഹനങ്ങള്‍ ഇരുനൂറോളം അനുയായികളും.
ദൽഹിക്കടുത്ത് ഗാന്ധിനഗറിലാണ് സ്വർണ്ണബാബയുടെ ആശ്രമം. മീററ്റിലെ ജൂന അഖാഡയുമായി ബന്ധപ്പെട്ട സ്വാമിയാണ്. യഥാർഥ നാമം ആർക്കുമറിയില്ല, എല്ലാവർക്കും സ്വർണ്ണബാബ തന്നെ. ലക്ഷ്മി ദേവിയുടെ പ്രതീകമാണ് സ്വർണ്ണം, അതിനാലാണ് ഇവയെല്ലാം ധരിക്കുന്നത്, സ്വാമിയുടെ ആഭരണപ്രേമത്തെപ്പറ്റി ചോദിച്ചാൽ ഉത്തരം റെഡി. സ്വാമി സ്വർണ്ണാനന്ദയുടെ പോക്കും വരവും കാണാൻ വഴിയോരങ്ങളിൽ ജനങ്ങളുടെ ഇടിച്ചുതള്ളലാണ്. ഭക്തജനങ്ങൾക്ക് ദർശനം അരുളേണ്ടേ, അതിനാൽ
തന്റെ ഫോർച്യൂണർ കാറിന്റെ മുകളിലിരുന്നാണ് യാത്ര. മരണം വരെ ഇങ്ങനെയുള്ള യാത്രകൾ തുടരും. സ്വാമി പറയുന്നു. കഴിഞ്ഞ വർഷം ഹരിദ്വാർ മുതൽ ദൽഹി വരെയുള്ളയാത്രക്ക് 72 ലക്ഷമാണ് ചെലവായത്. ഈ വർഷം ഒരു കോടിയാണ് യാത്രക്കുള്ള ബജറ്റ്. ബാബ പറഞ്ഞു. സ്വാമിക്കൊപ്പം ഫോട്ടോയ്‌ക്ക് പോസു ചെയ്യുന്നവരിൽ പ്രതാപ്പൂർ എസ്‌ഐ രാംകുമാർ യാദവുമുണ്ട്. മുൻപ് അതിസമ്പന്നനായ വസ്ത്രവ്യാപാരിയായിരുന്നു. പിന്നെ ലൗകിക സുഖമെല്ലാം ഉപേക്ഷിച്ച് സ്വാമിയായെന്ന് ബാബ.
















