കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെ പീരങ്കിയുണ്ടകളുടെ രാസശുചീകരണം മൂന്ന് ദിവസം പിന്നിട്ടു. കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോയ്‌ക്ക് വൈദ്യുത കേബിളിടാന്‍ കുഴിയെടുക്കവെയാണ് രണ്ട് മാസം മുമ്പ് 36,000ത്തിലധികം പീരങ്കിയുണ്ടകള്‍ കണ്ടെടുത്തത്. പത്ത് ദിവസം നടത്തിയ ഖനനത്തിലാണ് ഇത്രയും വലീയ പീരങ്കിയുണ്ട ശേഖരം കണ്ടെടുത്തത്.
പീരങ്കിയണ്ടുകള്‍ ചെളിമാറ്റി തുരുമ്പിക്കാതെ സൂക്ഷിക്കാനാണ് രാസ ശുചീകരണം നടത്തുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ നേതൃത്വത്തിലാണ് രാസശുചീകരണം നടക്കുന്നത്. ഉപ്പ് കാറ്റും ഈര്‍പ്പവും കടക്കാതെ പീരങ്കിയുണ്ട കല്ലില്‍ ഉരച്ച് ചെളിനീക്കി ശുദ്ധജലത്തില്‍ കഴുകിയ ശേഷമാണ് രാസശുചീകരണം നടത്തുന്നത്.
രാസപ്രക്രിയയ്‌ക്ക് ശേഷം പീരങ്കിയുണ്ടകള്‍ സുരക്ഷിതമായി കോട്ടയിലെ പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് മാറ്റും. ഏതാണ്ട് ആയിരത്തോളം പീരങ്കിയുണ്ടകള്‍ രാസശുചീകരണം നടത്തിക്കഴിഞ്ഞു. മുഴുവന്‍ പീരങ്കിയുണ്ടകളുടേയും രാസശുചീകരണം നടക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവ പൊതുജനത്തിനായി പ്രദര്‍ശിപ്പിക്കും.
















