പയ്യന്നൂര്‍: അഖിലകേരള മാരാര്‍ക്ഷേമയുടെ കലാചാര്യ പുരസ്‌കാരം ചെറുതാഴം കിഴക്കിലോട്ട് ദാമോദരമാര്‍ക്ക് ഇന്ന് സമ്മാനിക്കും. ചെറുതാഴം കൊട്ടില വീട്ടില്‍ കൃഷ്ണമാരാരുടെയും കിഴക്കിലോട്ട് നാരായണ മാരസ്യാരുടെയും മകനായ ദാമോദര വാര്യര്‍ തന്റെ ഒമ്പതാം വയസ്സില്‍ നീലേശ്വരം ശങ്കര മാരാരുടെ കീഴില്‍ വാദ്യപഠനം ആരംഭിച്ചു. ചെണ്ട, തിമില എന്നിവക്കു പുറമെ ക്ഷേത്ര പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കും വൈദിക കര്‍മ്മങ്ങള്‍ക്കും വളരെ പ്രാധാന്യം കല്‍പിക്കുന്ന പാണിയിലും വൈദഗ്ദ്യം നേടിയ ദാമോദരമാരാര്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളില്‍ മേളപ്രമാണിയായി.
ഇരുപത്തിമൂന്നാം വയസ്സില്‍ കാഞ്ഞങ്ങാട് പരവനടുക്കം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും വീരശൃംഖലയം കോട്ടക്കല്‍ വിശ്വംഭര ക്ഷേത്രത്തില്‍ നിന്നും കോട്ടക്കല്‍ കുട്ടന്‍മാരാര്‍ പുരസ്‌കാരവുമടക്കം നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ചെറുതാഴം മാരാര്‍ സമാജത്തിന്റെ പ്രസിഡണ്ടായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ദാമോദരമാരാരടെ മക്കളായ ജയകുമാര്‍, ജയരാമന്‍ എന്നിവര്‍ പാരമ്പര്യത്തിന്റെ കണ്ണികള്‍ മുറിയാതെ വാദ്യകലാരംഗത്തുണ്ട്. മൂത്ത മകന്‍ ജയകൃഷ്ണന്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ജോലി ചെയ്യുന്നു. ചന്ദ്രമതിയാണ് ഭാര്യ.
കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജില്‍ നടക്കുന്ന വാദിത്രം 2016 ചടങ്ങില്‍ കെ.എം.ഷാജി എംഎല്‍എ പുരസ്‌കാര വിതരണം നടത്തും.
















