കണ്ണൂര്‍: തോട്ടട ഇഎസ്‌ഐ ആശുപത്രി സൂപ്രണ്ടും ഹെഡ് ക്ലര്‍ക്കും ജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുകയും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്നുവെന്നു കാണിച്ചു വനിതാകമ്മീഷനു പരാതി നല്‍കി. പാരാമെഡിക്കല്‍ ജീവനക്കാരിയായ യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. പാരാ മെഡിക്കല്‍ ജീവനക്കാരിയും ഗര്‍ഭിണിയുമായ യുവതിയോടു ആശുപത്രി സൂപ്രണ്ട് നേരത്തെ തസ്തിക മാറി ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഓഫീസിലെ ക്ലര്‍ക്കിനെ സഹായിക്കണമെന്നായിരുന്നു നിര്‍ദേശം. വകുപ്പു മാറി ജോലി ചെയ്യാല്‍ പ്രയാസമാണെന്നും ഇങ്ങിനെ ചെയ്യേണ്ടതില്ലെന്നും സമാനമായ മറ്റൊരു കേസില്‍ കോടതി ഉത്തരവുണ്ടെന്നും കാണിച്ച് യുവതി സൂപ്രണ്ടിനു മറുപടി നല്‍കിയിരുന്നു. ഇതിന്റെ വിരോധമെന്നോണം പകപോക്കുകയാണെന്നാണ് പരാതി. ഗര്‍ഭിണിയായ യുവതി ജോലി ചെയ്യുന്ന വിഭാഗത്തില്‍ ടോയ്‌ലറ്റ് സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ മറ്റൊരു സെക്ഷനില്‍ പ്രാഥമീകാവശ്യത്തിനു പോയതിനെ ജോലി ചെയ്യാതെ കറങ്ങി നടക്കുകയാണെന്നും മറ്റു ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി അനാവശ്യ വിശദീകരണ നോട്ടീസ് നല്‍കിയതായും ആവശ്യമില്ലാത്ത സമയങ്ങളില്‍ ഫാനും ലൈറ്റും ഓണ്‍ ചെയ്തിടുന്നുണ്ടെന്ന് കുറ്റപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായ ജീവനക്കാരിയുടെ പ്രാഥമീകാവശ്യങ്ങള്‍ നിഷേധിക്കുന്ന നിലയിലുള്ള പെരുമാറ്റമാണ് ഉണ്ടാവുന്നതെന്നും പരാതിയുണ്ട്. വനിതാ ഡോക്ടര്‍ കൂടിയായ സൂപ്രണ്ട് ഉഷാ കുമാരിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയാണെന്നും വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി ജോലി ചെയ്യുന്ന സ്ഥലത്ത് ഹെഡ് ക്ലര്‍ക്ക് ഇടയക്കിടെ ഒളിച്ചു നോക്കുകയും യുവതിയെ തുറിച്ചു നോക്കുന്നതും പതിവാണെന്നും ഇത് മാനസീക സമ്മര്‍ദത്തിനു ഇടയാക്കുന്നുണ്ടെന്നും പരാതിയുണ്ട്. പരാതി ഫയലില്‍ സ്വീകരിച്ച വനിതാ കമ്മീഷന്‍ ആശുപത്രി സൂപണ്ട് ഡോ. ഉഷാകുമാരി, ഹെഡ്ക്ലര്‍ക്ക് രാജേന്ദ്രന്‍ എന്നിവരെ കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ വിചാരണക്കായി വിളിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ 10ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിംഗ്.
















