വീട്ടുമുറ്റത്തെ തൊഴുത്ത് പൊളിച്ച് പൊന്നമ്മാളിന് ചിതഒരുക്കിയപ്പോള്‍
ചെങ്ങന്നൂര്‍: പൊന്നാമ്മാളിന്റെ മൃതദേഹം ഒടുവില്‍ തൊഴുത്ത് പൊളിച്ച് സംസ്‌ക്കരിച്ചു. സംസ്‌ക്കരിക്കാന്‍ ഇടം ഇല്ലാത്തതിനെ തുടര്‍ന്ന്് കഴിഞ്ഞ ദിവസം അന്തരിച്ച ചെങ്ങന്നൂര്‍ നെടുംപുറത്ത് പരേതനായ ശിവനാചാരിയുടെ ഭാര്യ പൊന്നമ്മാളി(60)ന്റെ മൃതദേഹമാണ് വീട്ടുമുറ്റത്തെ തൊഴുത്ത് പൊളിച്ചുമാറ്റി സംസ്‌ക്കരിക്കേണ്ടിവന്നത്.
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം എട്ട് സെന്റ് വസ്തുവില്‍ നാലുകുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ക്കാര്‍ക്കും മറ്റു വസ്്തുക്കളില്ല. പൊന്നമ്മാളിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ഇടമില്ലാത്ത നിനാല്‍ ഒടുവില്‍ തൊഴുത്ത് പൊളിച്ചുമാറ്റുവാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുകയായിരുന്നു.
തുടര്‍ന്ന് തൊഴുത്തിന്റെ കോണ്‍ക്രീറ്റ് തറ പൊളിച്ചുമാറ്റി പൊന്നമ്മളിന് ചിതയൊരുക്കി. ചെങ്ങന്നൂര്‍ നഗരസഭയില്‍ പൊതു ശ്മശാനം ഇല്ലാത്തതിനാല്‍ സ്ഥലമില്ലാത്തവര്‍ മരിച്ചാല്‍ അടുക്കള തുരന്നോ മുറികള്‍ പൊളിച്ചുമാറ്റിയോ പൊതു വഴിയിലോ, വീടിന്റെ തിണ്ണയില്‍ ഇരുമ്പു പെട്ടിയില്‍ ചിതയൊരുക്കിയോ സംസ്‌ക്കരിക്കേണ്ട ദുരവസ്ഥയാണുള്ളത്.
അടുത്തിടെ ഇത്തരം നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിന് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തതായണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. നഗരസഭയില്‍ പൊതു ശ്മശാനം വേണമെന്നാവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
















