തുറവൂര്‍: ആകാശ മേല്‍ക്കൂരയാക്കു കീഴില്‍ അന്തിയുറങ്ങിയിരുന്ന കൂലിപ്പണിക്കാരന് ഇനി ആശങ്കയില്ലാതെ സ്വന്തം വീട്ടില്‍ സ്വസ്ഥമായി തല ചായ്‌ക്കാം. എഴുപുന്ന പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പുതുശേരി കോളനിയില്‍ സുനിയുടെ കുടുംബത്തിനാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മനുഷ്യസ്‌നേഹി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. അഞ്ചുസെന്റ് സ്ഥലത്ത് മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി നിര്‍മ്മിച്ച കൂരയ്‌ക്കുള്ളിലാണ് സുനി, ഭാര്യ ഉഷ, മക്കളായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാനിയയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സിനിയ എന്നിവരും കഴിഞ്ഞിരുന്നത്. രണ്ടു പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന് സുരക്ഷിതമായി തലചായ്‌ക്കാന്‍ ഇടം കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന സുനിക്ക് ഇത് ആശ്വാസകരമായി. കഴിഞ്ഞ ദിവസം എ.എം.ആരിഫ് എംഎല്‍എ വീട്ടിലെത്തി വീടു നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ തുകയും സുനിക്ക് കൈമാറി.
















