കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാമ്പസിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന് ബാര്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന് പുതുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.
ഇന്ന് രാവിലെ 10 മണി മുതല്‍ താവക്കര സര്‍വകലാശാല ആസ്ഥാനത്താണ് സമരം നടത്തുക. 2005 ല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അന്നത്തെ സിന്‍ഡിക്കേറ്റ് 1,50,000 രൂപ അടച്ച് രജിസ്ട്രേഷന് മൂന്ന് വര്‍ഷത്തേക്ക് താത്കാലികമായി നീട്ടിയിരുന്നു. എന്നാല്‍ പോരായ്മകള്‍ പരിഹരിക്കപ്പെടാത്തതിനാല്‍ രജിസ്ട്രേഷന് പുതുക്കാനായിട്ടില്ല. 2014 ലാണ് ലീഗല്‍ സ്റ്റഡീസിന് പുതിയ കെട്ടിടം സ്വന്തമായത്. എന്നാല്‍ സ്ഥിരം നിയമനങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. ഫീസും മറ്റും വര്‍ധിപ്പിച്ചിട്ടും ഈ ഡിപ്പാര്‍ട്ട്മെന്റിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ല.
ജൂലൈ മാസമായിട്ടും പുതിയ പ്രവേശനം നടത്തിയിട്ടില്ല. റിസള്‍ട്ട് വരാന്‍ കാലതാമസം നേരിടുന്നതിനാല്‍ പല സെമസ്റ്ററുകളും ഒന്നിച്ചെഴുതേണ്ട അവസ്ഥയാണെന്നും പഠിതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: