കണ്ണൂര്‍: ജില്ലാ വൃക്ഷ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തെ പച്ചപ്പണിയിക്കാനുള്ള ഹരിതനഗരം പരിപാടിക്ക് തുടക്കമായി. കാള്‍ടെക്‌സ് ജംഗ്ഷനില്‍ പൂവശിന്‍തൈ നട്ടുകൊണ്ട് കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി.കണ്‍സര്‍വേറ്റര്‍ പി.ബിജു ഉദ്ഘാടനം ചെയ്തു. സി.വിശാലാക്ഷന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വിനോദ് പയ്യട, കെ.പി.ചന്ദ്രാംഗദന്‍, വി.സി.ബാലകൃഷ്ണന്‍, ടി.പി.ആര്‍.നാഥ്, ദേവദാസ് തളാപ്പ്, പ്രസന്ന കിഴുന്ന എന്നിവര്‍ സംസാരിച്ചു. ഹരി ചക്കരക്കല്ല്, കെ.ചന്ദ്രബാബു, അനാമിക കക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഉദ്ഘാടനച്ചടങ്ങിന് ശേഷം കാള്‍ടെക്‌സ് ഏരിയ, പോലീസ് മൈതാനം തുടങ്ങി കണ്ണൂരിലെ വിവിധ ഭാഗങ്ങലില്‍ താന്നി, ഉങ്ങ്, അരയാല്‍, പുളി, മാവ്, നെല്ലി, നീര്‍മരുത്, വെള്ളപ്പൈന്‍, ഡിബിഡിബി, ഇലഞ്ഞി, കുടംപുളി എന്നീ വൃക്ഷത്തൈകള്‍ നട്ടു. ടാക്‌സി-ഓട്ടോഡ്രൈവര്‍മാരുടെയും ചെറുകിട വഴിയോര കച്ചവടക്കാരുടെയും സഹകരണത്തോടെയായിരിക്കും വൃക്ഷങ്ങള്‍ പരിപാലിക്കപ്പെടുക.
നട്ടുപിടിപ്പിച്ച മരങ്ങളുടെ സംരക്ഷണത്തിനും വൃക്ഷസാക്ഷരതക്കുമായി ട്രീവാക്ക് എന്ന പരിപാടിയും തുടര്‍ന്ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
















