തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ചെരിഞ്ഞ ശിവസുന്ദരം എന്ന ആനയെ സംസ്‌കാരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ടോടെയാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്. ഗസ്റ്റ് ഹൗസിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ചിതയൊരുക്കിയത്. രണ്ട്‌ലക്ഷത്തോളം രൂപയാണ് സംസ്‌കാരത്തിനായി ദേവസ്വത്തിന് ചെലവാകുന്നത്. വ്യാഴാഴ്ച രാവിലെയാണ് ശിവസുന്ദരത്തെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ വി.ഐ.ജിജിമോന്‍ തളിപ്പറമ്പ് വെറ്ററിനറി സര്‍ജന്‍ ഇ.സോയ, പറശിനിക്കടവ് വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ ഡോ.എ.എസ്.ആതിര എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമായി പറയാന്‍ കഴിയൂ. ക്രെയിന്‍ ഉപയോഗിച്ചാണ് ആനയെ സംസ്‌കാര സ്ഥലത്തേക്ക് മാറ്റിയത്. വിദഗ്ധരെയുപയോഗിച്ച് വെട്ടിമുറിച്ചാണ് സംസ്‌കാരം നടത്തുന്നത്. ഇതിനായി 40 ടണ്‍ വിറക്, ആറര ടണ്‍ ചിരട്ട, 50കിലോ പഞ്ചസാര എന്നിവയാണ് ഉപയോഗിക്കുന്നത്. സംസ്‌കാര സ്ഥലത്ത് പന്തലൊരുക്കിയിട്ടുണ്ട്.
















