ന്യൂദല്‍ഹി: വിവാദ മൗലവി മുംബൈ സ്വദേശി സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ കേന്ദ്രം പരിശോധിക്കും. ഇയാളുടെ പ്രസംഗങ്ങളാണ് ബംഗ്ലാദേശില്‍ 20 പേരുടെ കഴുത്തറുത്ത ഭീകരരെ പ്രചോദിപ്പിച്ചതെന്ന് ബംഗ്ലാദേശ് വെളിപ്പെടുത്തിയിരുന്നു. ഇയാളെപ്പറ്റി അന്വേഷിക്കാന്‍ ബംഗ്ലാദേശ് ഭാരതത്തോട് അഭ്യര്‍ഥിച്ചിരുന്നു.
മതഭീകരതയെ മഹത്വവല്‍ക്കരിക്കുന്നതാണ് ഇയാളുടെ പ്രസംഗങ്ങള്‍. മൗലിവയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.
സക്കീറിന്റെ പ്രസംഗങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു.
ഇയാള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തണമെന്ന് ശിവസേനാ എംപി അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു. ഇയാളുടെ പ്രസംഗങ്ങള്‍ മാത്രമല്ല, ഇയാളുടെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതും വിലക്കണം. സാവന്ത് കത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനോട് ആവശ്യപ്പെട്ടു. ഇയാള്‍ നടത്തുന്ന പീസ് ടിവി നിരോധിക്കണമെന്നും ഇയാളെ അറസ്റ്റു ചെയ്യണമെന്നും ഹിന്ദു ജാഗ്രതി സമിതി ആവശ്യപ്പെട്ടു.
അതിനിടെ മുംബൈയിലെ ഇയാളുടെ സ്ഥാപനങ്ങള്‍ക്ക് ചുറ്റും നിരീക്ഷണത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
















