മപൂട്ടോ (മൊസാംബിക്): പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഫ്രിക്കയില്‍ ഊഷ്മള സ്വീകരണം. മൊസാംബിക്കിന്റെ തലസ്ഥാനമായ മപൂട്ടോയിലെത്തിയ മോദിയെ ഉന്നത നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ദിരാഗാന്ധിക്ക് ശേഷം ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്ക് സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് മോദി.
ഇന്ന് രാവിലെ പ്രധാനമന്ത്രി മൊസാമ്പിക് പ്രസിഡന്റ് ഫിലിപ് ന്യൂസിയുമായി കൂടിക്കാഴ്ച നടത്തും. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി സംബന്ധിച്ച കരാറുകളില്‍ ഭാരതവും മൊസാമ്പിക്കും ഒപ്പുവെക്കും. മൊസാമ്പിക്കില്‍ നിന്ന് പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.
ഭാരത-ആഫ്രിക്ക സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മോദിയുടെ ആഫ്രിക്കന്‍ പര്യടനം. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ മൊസാംബിക്, ടാന്‍സാനിയ, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രസിഡന്റ് ജേക്കബ് സുമയുമായി കൂടിക്കാഴ്ച നടത്തും. ഭാരത – ദക്ഷിണാഫ്രിക്ക വ്യവസായ കൂടിക്കാഴ്ചയും നടക്കും.
വാണിജ്യം, നിക്ഷേപം, സമുദ്രസുരക്ഷ എന്നീ വിഷയങ്ങളില്‍ ഊന്നിയാകും പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രവാസി ഭാരതീയരുമായും പ്രധാനമന്ത്രി സംവദിക്കും. 1.2 മില്യണ്‍ ഭാരതീയരാണ് ദക്ഷിണാഫ്രിക്കയിലുള്ളത്.
















