ആലപ്പുഴ: നഗരസഭാ ഭരണം കയ്യാളുന്ന കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ ഭിന്നത. ചെയര്‍മാന്‍ തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചുകൂട്ടി. ഇന്നലെയാണ് പുന്നമടയിലെ ഒരു റിസോര്‍ട്ടില്‍ നഗരസഭാ ചെയര്‍മാന്‍ തന്നെ അനുകൂലിക്കുന്ന കൗണ്‍സിലര്‍മാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തത്. ഐഗ്രൂപ്പിലെതന്നെ ഒരു വിഭാഗം ചെയര്‍മാനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഈ നടപടി. ചെയര്‍മാന്‍ സ്ഥാനത്തിന് നേരത്തെ അവകാശമുന്നയിച്ച എ ഗ്രൂപ്പില്‍ നിന്നും ഐ ഗ്രൂപ്പിലേക്ക് നേരത്തെ ചേക്കേറിയ ഒരു കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ചെയര്‍മാനെതിരെയുള്ള നീക്കം നടത്തുന്നത്. നിലവില്‍ നഗരഭരണത്തില്‍ എഗ്രൂപ്പിന് ഒരു സ്വാധീനവുമില്ല. ഐഗ്രൂപ്പിന് മൃഗീയ മേധാവിത്വമാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലുള്ളത്. ഭരണം ലഭിച്ച് ഒരു വര്‍ഷത്തിനകം തന്നെ പതിവുപോലെ കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി രൂക്ഷമായിരിക്കുകയാണ്.
















