മാടായി: മാടായിപ്പാറ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മാടായി ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാടായിപ്പാറ ശുചീകരണം നടത്തി. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെന്നപേരില്‍ ഇവിടെയെത്തുന്ന മദ്യപാനികള്‍ കുപ്പികള്‍ തച്ചുടച്ചും ഭക്ഷണം കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞുമാണ് ഇവിടെ മലിനപ്പെടുത്തുന്നത്. ചിങ്ങമാസത്തെ നീലപ്പൂവസന്തത്തിന് കിളിര്‍ത്തുപൊങ്ങുന്ന സസ്യങ്ങള്‍ക്ക് ഈ മാലന്യം വിന്‍ ഭീഷണിയുയര്‍ത്തുമെന്നതിനാലാണ് നീക്കം ചെയ്തത്. ലക്ഷംവീട് കോളനിക്കു സമീപം ആക്രിക്കച്ചവടക്കാരന്‍ കുന്നുകൂട്ടിയ കുപ്പിച്ചില്ലുകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവരോട് സമിതി അഭ്യര്‍ത്ഥിച്ചു. മാടായിപ്പാറ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.പി.കൃഷ്ണന്‍, സെക്രട്ടറി കെ.പി.ചന്ദ്രാംഗതന്‍, നിര്‍വ്വാഹക സമിതി അംഗം സി.നാരായണന്‍, ഹൈസ്‌കൂള്‍ എന്‍എസ്എസ് കോഡിനേറ്റര്‍ ടി.വി.വിനോദ്കുമാര്‍, ജില്ലാ പരിസ്ഥിതി സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍, മാടായിക്കാവ് മാനേജര്‍ എന്‍.നാരായണ പിടാരര്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ മടപ്പളളി പ്രദീപന്‍, അധ്യാപികമാരായ പി.റിജിഷ, എ.സജിത എന്നിവര്‍ നേതൃത്വം നല്‍കി.
















