കണ്ണൂര്‍: പിതാവ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഏറ്റുവാങ്ങി. ജൂണ്‍ 12ന് അഴീക്കോട്ടെ കുറ്റിക്കാട്ടില്‍ വ്യാജസിദ്ധന്‍ ലത്തീഫ് ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെയാണ് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മറ്റി ജില്ലാ ആശുപത്രി അധികൃതരില്‍നിന്നും ഏറ്റുവാങ്ങി പട്ടുവം സ്‌നേഹനികേതന്‍ അധികൃതര്‍ക്ക് കൈമാറിയത്. ജില്ലാ ആശുപത്രിയിലെ നേഴ്‌സില്‍നിന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം അഡ്വ. ബേബി ലതിക കുഞ്ഞിനെ ഏറ്റുവാങ്ങി പട്ടുവം സ്‌നേഹനികേതന്‍ സെന്ററിന്റെ ചുമതലക്കാരി സിസ്റ്റര്‍ സ്‌നേഹലതയ്‌ക്ക് കൈമാറി. അവര്‍ ഏഞ്ചല്‍ എന്ന് പേര് വിളിച്ചാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
ജില്ലാ ആശുപത്രിയിലെ പരിചരണത്തില്‍ പൂര്‍ണ ആരോഗ്യവതിയാണ് കുഞ്ഞ്. 3.7 കിലോഗ്രാം ഭാരമുണ്ട്. കുപ്പിപ്പാലാണ് ഭക്ഷണം. 60 ദിവസം വരെ പട്ടുവത്ത് കുഞ്ഞിനെ പരിചരിക്കും. അതിനിടയില്‍ ഉമ്മ അവകാശവാദവുമായി എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കുട്ടികളില്ലാത്തവര്‍ക്ക് ദത്തുനല്‍കും.കണ്ണൂരിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ടി.എ.മാത്യു തെളിയില്‍, അംഗങ്ങളായ ടി കെ നാരായണന്‍, ഡോ. എസ്എല്‍പി ഉമറുല്‍ ഫാറൂഖ്, അഡ്വ.ബേബിലതിക എന്നിവര്‍ പങ്കെടുത്തു. ചികിത്സക്കെന്ന വ്യാജേനെ ഭര്‍തൃമതിയായ യുവതിയെ ലത്തീഫ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതില്‍ പിറന്ന പെണ്‍കുഞ്ഞിനെ ഉമ്മ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ലത്തീഫ് കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെനിന്നും നാട്ടുകാര്‍ കണ്ടെത്തിയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ലത്തീഫ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
















