ഇരിട്ടി: ഇരിട്ടി കൂട്ടുപുഴ അന്തര്‍ സംസ്ഥാന പാതയില്‍ കിളിയന്തറ മുപ്പത്തി രണ്ടാം മൈലില്‍ ഒമനിവാനും ലോറിയും കൂട്ടിയിടിച്ച് ഓംനി വാനില്‍ യാത്രചെയ്യുകയായിരുന്ന എട്ടു പേര്‍ക്ക് പരിക്കേറ്റു. പേരാവൂര്‍ കുനിത്തലയിലെ മുതുകുളം കുടുംബാംഗങ്ങളായ ബിജു തോമസ് (44), ഷിബിന്‍ (46), ജോയ്‌തോമസ് (46), ജോണ്‍ (70), ജീന (40), തെയ്യാമ്മ (65), സാബു (49), മേരി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. പേരാവൂരില്‍ നിന്നും പേരട്ടയിലേക്ക് ഒരു ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുവാനായി പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണ്ണാടകത്തില്‍ നിന്നും വളപട്ടണത്തേക്ക് ലോഡുമായി പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയിലിടിച്ച് ഓംനിവാന്‍ തകരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വാനിന്റെ മുമ്പിലിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. ഇവരെ ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
















