ന്യൂഡൽഹി : ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാനെത്തിയ തങ്ങളെ ഡൽഹി പൊലീസും കേന്ദ്രസേനയും ക്രൂരമായി മർദിക്കുകയും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി എ എ റഹീം . ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, പി. സന്തോഷ് കുമാർ എന്നിവരും കസ്റ്റഡിയിലായിരുന്നു.
‘ ഞങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് വാഹനത്തിലേക്ക് കയറ്റിയത്. പൊലീസ് വാഹനത്തിനുള്ളിൽ വച്ചും ക്രൂരമായ മർദനമുണ്ടായി . ഡൽഹി പൊലീസല്ല, മറിച്ച് വാഹനത്തിനുള്ളിലുണ്ടായിരുന്ന കേന്ദ്രസേനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരാണ് മർദിച്ചത് . ഒരു രാജ്യസഭാംഗത്തിന് നേരെ ഇത്തരം അതിക്രമം അഴിച്ചുവിട്ടത് അതീവ ഗൗരവമേറിയ വിഷയമാണ്. ‘ എന്നാണ് റഹീം പറയുന്നത്.
ക്രൂരമായ മർദനത്തെത്തുടർന്ന് റഹീമിന്റെ പുറത്ത് പാടുകൾ വീണിട്ടുണ്ടെന്നും, മർദനത്തിൽ പരിക്കേറ്റ എ.എ. റഹീമിന് അടിയന്തരമായി വൈദ്യസഹായം നൽകണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
















