ആലപ്പുഴ: ക്ഷയരോഗ നിര്‍ണയത്തിന് ഏറ്റവും നൂതന സംവിധാനം (കാട്രിഡ്ജ് ബേയ്‌സ്ഡ് ന്യൂക്ലിക് ആസിഡ് ആംമ്പഌഫിക്കേഷന്‍ ടെസ്റ്റ്) ആലപ്പുഴ ജില്ലാ ടിബി സെന്ററില്‍ ലഭ്യമായി.
അതിവേഗ ക്ഷയരോഗ നിര്‍ണ്ണയവും സാധാരണ ക്ഷയരോഗ മരുന്നിനോട് പ്രതികരിക്കാത്തതരം ക്ഷയരോഗവും കണ്ടുപിടിക്കാന്‍ കഴിയുന്നതാണ് ഈ ഉപകരണം. സാധാരണയായി മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ കഫം പരിശോധന നടത്തി ചികില്‍സ ആവശ്യമുള്ളവര്‍ക്ക് മരുന്നു നല്കുന്നു. എന്നാല്‍ നൂതന ജീന്‍ എക്‌സ്‌പോര്‍ട്ട് എന്ന ഉപകരണത്തിന്റെ സഹായത്തോടെ ക്ഷയരോഗം ആരംഭദിശയില്‍ തന്നെ കണ്ടുപിടിക്കാനും കഫം കൂടാതെ മറ്റ് ശരീരസ്രവങ്ങള്‍ എടുത്ത് ക്ഷയരോഗനിര്‍ണയം നടത്താനും സഹായിക്കുന്നു.
ഒരാള്‍ക്ക് 2,000 രൂപ ചെലവ് വരുന്ന ഈ പരിശോധന സൗജന്യമായി ജില്ലാ ടിബി സെന്ററില്‍ ലഭ്യമാണ്. ക്ഷയരോഗം ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. രണ്ടാഴ്ചയില്‍ കൂടുതലുള്ള ചുമ, വൈകുന്നേരങ്ങളിലുള്ള പനി, വിശപ്പില്ലായ്‌മ, ശരീരഭാരം കുറയുക തുടങ്ങിയവയുണ്ടെങ്കില്‍ പരിശോധന ആവശ്യമായി വരും. ക്ഷയരോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ ആറു മുതല്‍ ഒമ്പതുമാസം വരെയുള്ള ചികില്‍സയിലുടെ രോഗമുക്തി നേടാം.
കൃത്യതയില്ലാത്ത ചികില്‍സ എടുക്കുന്നവരില്‍ രോഗം മാറില്ലായെന്നു മാത്രമല്ല, മരുന്നുകളോടു പ്രതികരിക്കാത്ത ഗുരുതരമായ ക്ഷയരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത 20 ശതമാനം വരെയാണ്. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിച്ച് പ്രമേഹം നിയന്ത്രിച്ച് വേണം ചികില്‍സ നടത്തേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
















