കണ്ണൂര്‍: അഴീക്കോട് ലൈറ്റ്ഹൗസിന് സമീപംകുറ്റിക്കാട്ടില്‍ രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വിജനമായ സ്ഥലത്ത് കുട്ടിയെ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെ ന്യൂബോണ്‍ ഐസിയുവില്‍ കുഞ്ഞ് സുഖമായിരിക്കുകയാണ്. കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെ കണ്ടെത്താനായി കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി മേഖലകളിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പ്രസവം നടന്നവരുടെ പേര് വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഇവരുടെ വീടുകളില്‍ പോലീസ് എത്തി അമ്മമാര്‍ക്കൊപ്പം നവജാത ശിശുവുമുണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം. നാടോടി സ്ത്രീ പ്രസവിച്ച് ഉപേക്ഷിച്ച കുഞ്ഞാണോ ഇതെന്ന് സംശയവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാടോടികളെയും പോലീസ് ചോദ്യം ചെയ്യും.
















