മട്ടാഞ്ചേരി: തെരഞ്ഞെടുപ്പ് രംഗത്ത് പോസ്റ്റര്‍ ഒട്ടിച്ച് പെണ്‍കരുത്തിന്റെ കാഴ്ചയുമായി വനിതാ പ്രവര്‍ത്തക കൂട്ടായ്‌മ ജനശ്രദ്ധ നേടുകയാണ്. കൊച്ചി മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി പ്രവീണ്‍ ദാമോദര പ്രഭുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്താണ് സ്ത്രീ കൂട്ടായ്‌മ പോസ്റ്റര്‍ ഒട്ടിക്കുന്നതില്‍ സജീവമായിരിക്കുന്നത്.
സ്‌ക്വാഡ് പ്രവര്‍ത്തനം, കുടുംബയോഗങ്ങള്‍, ബൂത്ത് സമ്പര്‍ക്കം, വോട്ടര്‍ പട്ടിക പരിശോധന, മാതൃസംഗമങ്ങള്‍ തുടങ്ങി വിവിധ തല പ്രവര്‍ത്തനങ്ങളില്‍ സജീവമാകാറുള്ള സ്ത്രീ കൂട്ടായ്‌മ പ്രചരണ രംഗത്തെ പോസ്റ്റര്‍ പരസ്യമേഖലയിലും കടന്നെത്തി തങ്ങളുടെ സജീവ സാന്നിധ്യം ജനകീയമാക്കുവാന്‍ തയ്യാറായത് മറ്റൊരു കൗതുക കാഴ്ചയായി മാറി. പള്ളുരുത്തി, മട്ടാഞ്ചേരി മേഖലയില്‍ പകല്‍ സമയങ്ങളില്‍ വീട്ടുകാരുടെ അനുമതി തേടിയാണ് മതിലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നത്.
താമര ചിഹ്നം, മോദി കുമ്മനം വോട്ടഭ്യര്‍ത്ഥന, സ്ഥാനാര്‍ത്ഥിയുടെ ചിത്രവുമായുള്ള പോസ്റ്റുകളടക്കമുള്ളവയാണ് ഒട്ടിക്കുന്നത്. മണ്ഡലം സെക്രട്ടറി മജുനാഥ് പൈ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കാമിനി ജയന്‍, സെക്രട്ടറി രതി ബാബു, ലേഖനായ്‌ക്ക്, ഷിജി സാബു എന്നിവരുടെ നേതൃത്വത്തിലുള്ള പെണ്‍കൂട്ടായ്‌മയാണ് കൊച്ചിയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതില്‍ സജീവമാകുന്നത്.
















