ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ജയിലില്‍ കൊല്ലപ്പെട്ട കൃപാല്‍സിങിന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ അപ്രത്യക്ഷം. ഹൃദയവും കരളും അടക്കമുള്ള ആന്തരീകാവയവങ്ങള്‍ പാക് അധികൃതര്‍ നീക്കം ചെയ്‌തെന്ന് വ്യക്തമായി. മരണകാരണം തിരിച്ചറിയുന്നതിനായി ഭാരതത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിലെ അവയവങ്ങള്‍ നീക്കം ചെയ്തത് കണ്ടെത്തിയത്. ഇതിനിടെ കൃപാല്‍സിങിനെ പാക് ജയിലില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സരബ്ജിത് സിംഗിനെ 2013ല്‍ ലാഹോര്‍ ജയിലില്‍ കൊലപ്പെടുത്തുന്നതിന്റെ ദൃക്‌സാക്ഷിയായിരുന്നു കൃപാല്‍സിങ്. കൃപാല്‍സിങിനെ ജീവനോടെ പുറത്തുവിടരുതെന്ന് പാക്കിസ്ഥാന്‍ തീരുമാനിക്കാന്‍ കാരണം ഇതാണെന്ന് കൃപാലിന്റെ ബന്ധുക്കള്‍ പറഞ്ഞു.
2013ല്‍ സരബ്ജിത് സിങിന്റെ മൃതദേഹത്തിലും ഹൃദയവും കരളും അടക്കമുള്ള അവയവങ്ങള്‍ ഇല്ലായിരുന്നു.
മരണകാരണം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നതിനാണ് ഇത്തരത്തില്‍ പാക് അധികൃതര്‍ പ്രവര്‍ത്തിക്കുന്നത്. കൃപാല്‍സിങ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക സ്ഥിരീകരണം.
ചാരപ്രവൃത്തി ആരോപിച്ച് 1992 ഫെബ്രുവരി 29നാണ് കൃപാല്‍സിങിനെ പാക്കിസ്ഥാന്‍ പിടികൂടുന്നത്. ബോംബ് സ്‌ഫോടനകേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ കൃപാല്‍സിങിന് മേല്‍ ചുമത്തപ്പെട്ടിരുന്നു.
















