വാഷിങ്ടണ്‍: ദക്ഷിണ ചൈനാക്കടലില്‍ ചൈന നിര്‍മ്മിച്ച കൃത്രിമ ദ്വീപില്‍ യുദ്ധവിമാനം ഇറക്കിയതില്‍ അമേരിക്ക ഉത്കണ്ഠ രേഖപ്പെടുത്തി. ചൈനയുടേത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാനുള്ള ശ്രമമാണെന്ന് യുഎസ് പറഞ്ഞു.
അസുഖ ബാധിതരായ മൂന്ന് നിര്‍മാണ തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള നടപടിയാണെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ തൊഴിലാളികള്‍ക്കായി യുദ്ധവിമാനം ഉപയോഗിച്ചതില്‍ അസ്വഭാവികതയുണ്ടെന്ന് പെന്റഗണ്‍ വക്താവ് ക്യാപ്ടന്‍ ജെഫ് ഡേവീസ് പറഞ്ഞു. യുദ്ധവിമാനങ്ങള്‍ ഇറക്കില്ലെന്ന ഉറപ്പ് ചൈന പാലിക്കേണ്ടതുണ്ടെന്നും യുഎസ് വ്യക്തമാക്കി. ഇതാദ്യമായിട്ടാണ് പുതിയതായി നിര്‍മ്മിച്ച ദ്വീപില്‍ യുദ്ധവിമാനം ഇറങ്ങുന്നത്.
ചൈന സൈനിക ശക്തി ദ്വീപില്‍ വര്‍ദ്ധിപ്പിക്കുകയാണെന്നാണ് വിലയിരുത്തല്‍. നേരത്തെ യുദ്ധവിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കുമായി ചൈന അനധികൃതമായി ചൈനാ കടലില്‍ കൃത്രിമമായി ദ്വീപുകള്‍ നിര്‍മ്മിക്കുകയും അവയില്‍ റണ്‍വേകളും തുറമുഖങ്ങളും നിര്‍മ്മിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
അമേരിക്ക ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചൈനയ്‌ക്കുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ദ്വീപിന് മുകളിലൂടെ പറക്കുകയും ചെയ്തിരുന്നു. യുഎസിന്റെ യുദ്ധക്കപ്പലുകളും മേഖലയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ചൈനക്ക് ഒരു മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഇതിലൂടെ യുഎസ് ലക്ഷ്യമിട്ടിരുന്നത്.
















