പള്ളുരുത്തി: കൊച്ചി മണ്ഡലത്തിലെ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥി കെ.ജെ.ലീനസിന്റെ പ്രചാരണ ബോര്‍ഡുകളിലും പോസ്റ്ററുകളിലും കറുത്ത പെയിന്റടിച്ചു വികൃതമാക്കി. കുമ്പളങ്ങി ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നിരവധി പ്രചാരണ ബോര്‍ഡുകളിലാണ് കറുത്ത പെയിന്റു പൂശിയിരിക്കുന്നത്. ഈ ഭാഗങ്ങളിലെ ലീനസിന്റെ പോസ്റ്ററുകളും വികൃതമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് പ്രചാരണ ബോര്‍ഡുകളില്‍ പെയിന്റടിച്ച് മായ്ച്ചിരിക്കുന്നത്. ഇതറിഞ്ഞ് ലീനസിനെ പിന്തുണക്കുന്നവര്‍ ഈ ഭാഗത്ത് ഒത്തുകൂടി. ഡൊമിനിക് പ്രസന്റേഷന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരായിട്ടാണ് കോണ്‍ഗ്രസില്‍നിന്നും അകന്നവരും മാറിനില്‍ക്കുന്നവരും ചേര്‍ന്ന് കൊച്ചി ജനാധിപത്യ കോണ്‍ഗ്രസ് രൂപീകരിച്ച് ലീനസിനെ സ്ഥാനാര്‍ത്ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്. അതേസമയം കെ.ജെ.ലീനസിന്റെ പ്രചാരണ ബോര്‍ഡുകള്‍ വികൃതമാക്കിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്റേഷന്റെ വിഭാഗത്തിലുള്ളവരാണെന്ന് മറുവിഭാഗം ആരോപിച്ചു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കൊച്ചിക്കാരന്‍, കോണ്‍ഗ്രസ് റിബലായി രംഗത്തുവന്നത് യുഡിഎഫ് കേന്ദ്രങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പഴയകാല കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ നിരവധി പേരുടെ പിന്തുണയാണ് ലീനസിന് ലഭിക്കുന്നത്.
കൊച്ചി ജനാധിപത്യ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കെ.ജെ.ലീനസിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്കുമേല്‍ കറുത്ത പെയിന്റടിച്ചവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി കെ.ജെ.ലീനസ് അസി.പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
















