കണ്ണൂര്‍: സ്‌കൂള്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ വേനലവധിക്കാലത്ത് തന്നെ നടത്തേണ്ടതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി തേടാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് കെ വി സുമേഷ് അറിയിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ സ്‌കൂളുകളുടെ വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സ്‌കൂള്‍ തുറന്നാല്‍ പ്രവൃത്തികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇത്തരത്തിലുള്ള 27 പ്രവൃത്തികളാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുള്ളത്. ഇവ നടത്താന്‍ അനുമതി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നതെന്നും പ്രസിഡണ്ട് പറഞ്ഞു.
മഴക്കുമുമ്പ് ചെയ്തു തീര്‍ക്കേണ്ട റോഡ് പ്രവൃത്തികളുടെ കാര്യത്തിലും പ്രത്യേക അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2015-16 വാര്‍ഷിക പദ്ധതിയില്‍ ജനറല്‍ പ്ലാന്‍ ഫണ്ട്് ഇതിനകം 70.76 ശതമാനം വിനിയോഗിച്ചതായി സെക്രട്ടറി എം കെ ശ്രീജിത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 65.38 ശതമാനമായിരുന്നു ഫണ്ട് വിനിയോഗം. മെയിന്റനന്‍സ് വിഭാഗത്തില്‍ 49.08 ശതമാനമാണ് വിനിയോഗം.
പദ്ധതി ഫണ്ട് വിനിയോഗത്തില്‍ മാര്‍ച്ച് മാസത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായി സെക്രട്ടറി അറിയിച്ചു. ഇതിനായി അഹോരാത്രം പ്രവര്‍ത്തിച്ച ജില്ലാ പഞ്ചായത്ത് ജീവനക്കാരെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും ആവശ്യമായ ഇടപെടല്‍ നടത്തിയ അംഗങ്ങളെയും പ്രസിഡണ്ട് അഭിനന്ദിച്ചു.
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, വി.കെ.സുരേഷ്ബാബു, ടി.ടി.റംല, കെ.പി.ജയബാലന്‍, കെ.ശോഭ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കാരായി രാജന്‍, അജിത് മാട്ടൂല്‍, കെ.നാണു, ജോയ് കൊന്നക്കല്‍, അന്‍സാരി തില്ലങ്കേരി, ആര്‍.അജിത, സണ്ണി മേച്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















