കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സും കണ്ണൂര്‍ ആകാശവാണിയും സംയുക്തമായി ആരോഗ്യബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെ ചേമ്പര്‍ ഹാളിലാണ് പരിപാടിയെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രോഗങ്ങളുടെ അവസ്ഥ, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സാരീതി എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് സംശയങ്ങള്‍ ചോദിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലായിരിക്കും സെമിനാറുകളുണ്ടാകുക. ഇതിന് അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോപ്പതി തുടങ്ങിയ വൈദ്യശാസ്ത്ര വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ മറുപടി നല്‍കും. ആരോഗ്യജാലകം എന്ന പേരില്‍ അറിയപ്പെടുന്ന ബോധവല്‍ക്കരണ സെമിനാറിന്റെ ശബ്ദലേഖനം ആകാശവാണി നിലയം പ്രക്ഷേപണം ചെയ്യും. ആരോഗ്യജാലകത്തിന്റെ ഉദ്ഘാടനം 12 ന് വൈകീട്ട് നാലരക്ക് ഗോകുല്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.പി. ചന്ദ്രമോഹന്‍ നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ജോയന്റ് സെക്രട്ടറി മാത്യു സാമുവല്‍, ചേമ്പര്‍ ഹെല്‍ത്ത് കമ്മറ്റി ഡയറക്ടര്‍ ഡോ.ജോസഫ് ബെനവന്‍, എഐആര്‍ പ്രോഗ്രാം ഹെഡ് കെ.ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















