കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി 10 ന് തലശ്ശേരിയിലെത്തുന്ന ബിജെപി അഖിലേന്ത്യാ പ്രസിഡണ്ട് അമിത് ഷാ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ജില്ലയില്‍ ദ്രുതഗതിയില്‍ ഒരുങ്ങിവരുന്നു. 10 ന് രാവിലെ 10 മണിക്കാണ് അമിത് ഷാ തലശ്ശേരിയില്‍ പ്രസംഗിക്കുക. പൊതുസമ്മേളനത്തിന് ജില്ലയില്‍ നിന്നും പതിനായിരങ്ങള്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വ്യാപകമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു. ആയിരക്കണക്കിന് ഫ്‌ളക്‌സ് ബോര്‍ഡുകളും കളര്‍ പോസ്റ്ററുകളും വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ഒമ്പത് സ്ഥലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കഴിഞ്ഞു. ഇതിനൊപ്പം തന്നെ 10 ന് നടക്കുന്ന പൊതുസമ്മേളനം വിജയിപ്പിക്കാനും നിര്‍ദ്ദേശം നല്‍കുന്നുണ്ട്. പരിപാടികളുടെ വിജയത്തിനായി നിയോജക മണ്ഡലം, പഞ്ചായത്ത്, ബൂത്ത്തല മീറ്റിങ്ങുകള്‍ നടന്നുകഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വാഹനങ്ങള്‍ ബുക്കു ചെയ്തിട്ടുണ്ട്. സമ്മേളനം ചരിത്രസംഭവമാക്കി മാറ്റാനുള്ള കഠിന പ്രയത്‌നത്തിലാണ് ബിജെപി ജില്ലാ നേതൃത്വം.
















