വാഷിങ്ടണ്‍: ആണവായുധങ്ങളുടെയും ആണവസാമഗ്രികളുടെയും കാര്യത്തില്‍ ഭാരതത്തിന് പ്രധാനപ്പെട്ട പങ്കും ഉത്തരവാദിത്വവും വഹിക്കാനുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ആണവ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു കെറിയുടെ പ്രസ്താവന.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആസ്ഥാനത്ത് വച്ച് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലുമായും കെറി കൂടിക്കാഴ്ച നടത്തി. ഭാരതവും അമേരിക്കയും തമ്മില്‍ ഈ നൂറ്റാണ്ടില്‍ നല്ല ബന്ധമായിരിക്കുമെന്നാണ് ഒബാമ പറഞ്ഞതെന്നും കെറി കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഭാരതം. സാങ്കേതികരംഗത്തും ഊര്‍ജ്ജരംഗത്തും യുഎസിന്റെ യഥാര്‍ത്ഥ പങ്കാളിയാണ് ഭാരതം.
കാലാവസ്ഥ സംബന്ധിച്ച പാരീസ് ഉച്ചകോടിയിലെ സഹായത്തില്‍ ഭാരത നേതൃത്വത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നിന്നുള്ള കൂടുതല്‍ സഹകരണം വിവിധ മേഖലകളില്‍ ഭാരതം പ്രതീക്ഷിക്കുന്നതായി ഡോവല്‍ പറഞ്ഞു. ഭീകരവാദത്തിലും സൈബര്‍ രംഗത്തും കൂടുതല്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
















