നാഗൗര്‍ (രാജസ്ഥാന്‍): രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സമൂലമാറ്റത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. എല്ലാവര്‍ക്കും പ്രാപ്യമാകുന്ന ചെലവുകുറഞ്ഞതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും സര്‍ക്കാരുകളുടെ കടമയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പാസാക്കിയ പ്രമേയങ്ങളിലൂടെ വ്യക്തമാക്കി. ആഹാരം, വസ്ത്രം, വീട്, തൊഴില്‍ എന്നിവയ്‌ക്കു പുറമേ വിദ്യാഭ്യാസവും ചികിത്സയും എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നത് ഒരു ക്ഷേമരാഷ്‌ട്രത്തിന്റെ കടമയാണെന്നും പ്രതിനിധിസഭ ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണം നിയന്ത്രിക്കുന്നതിനായി നിയന്ത്രണ അതോറിറ്റി ശക്തിപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
എല്ലാവര്‍ക്കും താങ്ങാവുന്ന തരത്തിലുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമയാണ്. ഗ്രാമീണ മേഖലകളിലും വനമേഖലകളിലും അവികസിത മേഖലകളിലും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സമൂഹവും മുന്നിട്ടിറങ്ങേണ്ടതുണ്ട്. സാമൂഹ്യ-മത സംഘടനകളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വിദ്യാഭ്യാസ വിചക്ഷണരും ഇതിന്റെ നേതൃത്വം വഹിക്കണം. ഇത്തരത്തിലുള്ള കൂട്ടായ പരിശ്രമത്തിലൂടെ രാഷ്‌ട്രവികസനം സാധ്യമാക്കാനാകും.
ഭാരതത്തിലെ ഓരോ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണം. ദേശീയതയിലും തൊഴില്‍ലഭ്യതയിലും നൈപുണ്യത്തിലും അധിഷ്ഠിതമായ തുല്യഅവസരങ്ങളുള്ള വിദ്യാഭ്യാസമായിരിക്കണം രാജ്യത്ത് നല്‍കേണ്ടത്. നിലവില്‍ പാവപ്പെട്ടവര്‍ക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള അവസരം വളരെ കുറവാണെന്നും പ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
എല്ലാ പൗരന്മാര്‍ക്കും ഗുണമേന്മയുള്ള, ചെലവുകുറഞ്ഞ ആരോഗ്യപരിരക്ഷ സാധ്യമാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഇതിനായി ശുചിത്വപൂര്‍ണ്ണമായ ജീവിതസാഹചര്യങ്ങളൊരുക്കേണ്ടതുണ്ട്. പോഷകാഹാരമില്ലായ്‌മ, സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യസംരക്ഷണം, ലഹരികളില്‍ നിന്നുള്ള മോചനം, ശുചിത്വപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങള്‍ എന്നിവ ഒരുക്കേണ്ടത് സര്‍ക്കാരുകളുടെ കടമയാണ്. എല്ലാത്തരം ആരോഗ്യസേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കണം.
ഇതിനായി ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കണം. നയങ്ങളും നയപരിപാടികളും പരിഷ്‌ക്കരിക്കണം. ആരോഗ്യമേഖലയിലെ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കണമെന്നും മത-സാമൂഹ്യ-സാമുദായിക സംഘടനകള്‍ നടത്തുന്ന ആശുപത്രികള്‍ കൂടുതല്‍ മാനുഷികമുഖത്തോടെ ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. രോഗവിമുക്ത ഭാരതത്തിന്റെ സൃഷ്ടിക്കായി ആര്‍എസ്എസ് സ്വയംസേവകരടക്കം മുന്നിട്ടിറങ്ങണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.
സാമൂഹ്യ സൗഹാര്‍ദ്ദത്തിനായി ആവിഷ്‌ക്കരിക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച പ്രമേയം ഇന്ന് പ്രതിനിധിസഭ പാസാക്കും. ഇതിന്മേലുള്ള ചര്‍ച്ചകള്‍ ഇന്നലെ ആരംഭിച്ചു.
ഇന്ന് വൈകിട്ട് ആറുമണിയോടെ സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത് നടത്തുന്ന പ്രഭാഷണത്തോടെ മൂന്നുദിവസത്തെ പ്രതിനിധിസഭ സമാപിക്കും.
















