ലണ്ടന്‍: വാര്‍ഷിക വരുമാന പരിധി 35,000 പൗണ്ടില്‍ കുറഞ്ഞ അന്യരാജ്യ ജോലിക്കാരെ ബ്രിട്ടന്‍ നാടുകടത്തുന്നു. ഏപ്രില്‍ ആറിനു നിലവില്‍ വരുന്ന നിയമത്തിന്റെ പരിധിയില്‍ 40,000 ഭാരതീയരുണ്ടാകും. അതായത്, വര്‍ഷം 33 ലക്ഷം രൂപ സമ്പാദിക്കാനാകാത്തവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അടുത്തമാസത്തോടെ ബ്രിട്ടന്‍ വിടേണ്ടിവരും. ഗള്‍ഫ് രാജ്യങ്ങളിലെ നിതാഖാത് ഭീഷണിയ്‌ക്കു പുറമേ ഈ നടപടി ഭാരത സാമ്പത്തിക വ്യവസ്ഥയ്‌ക്കും തൊഴില്‍ മേഖലയ്‌ക്കും വന്‍ വെല്ലുവിളിയാകുമെന്നാണ് ആശങ്ക.
ഭാരതീയരായ 1200 പേര്‍ നഴ്‌സുമാരായി അവിടത്തെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്നുണ്ട്. ഇവര്‍ക്കും തൊഴില്‍ നഷ്ടമാകുമെന്നാണ് സ്ഥിതി. 2012-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി 2011-ലും അതിനു ശേഷവും രാജ്യത്ത് എത്തിയവര്‍ക്കാണ് ബാധകമാകുക. നേരത്തേ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ജോലിയുള്ളവര്‍ക്ക് ബ്രിട്ടനില്‍ താമസമാക്കാമായിരുന്നു. ശമ്പളം ബാധകമാക്കിയത് ഇപ്പോഴാണ്. ഭാരതീയരേയും യുറോപ്യന്‍ യൂണിയനില്‍ പെടാത്ത രാജ്യങ്ങളിലേയും പ്രൊഫഷണലുകള്‍ക്കാണ് നിയമം കര്‍ശനം.
നിയമം നടപ്പാക്കുന്നത് കമ്പനികള്‍ ശമ്പളം പുനര്‍ നിശ്ചയിക്കുന്നതുവരെ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിനു സമര്‍പ്പിച്ചു. എന്നാല്‍, ബ്രിട്ടണിലേക്കുള്ള അന്യരാജ്യക്കാരുടെ വരവ് കുറയ്‌ക്കുമെങ്കില്‍പോലും നിയമം പിന്‍വലിയ്‌ക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യില്ലെന്ന് ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ നിയമം രാജ്യത്തേക്ക് വരുന്നവര്‍ തൊഴില്‍ നൈപുണ്യമുള്ളവര്‍ മാത്രമാക്കുമെന്നത് ഗുണകരമാകുമെന്ന് സര്‍ക്കാര്‍ വക്താവ് പറയുന്നു.
അതേ സമയം, ഭാരതത്തിലേക്ക് മടങ്ങിവരുന്നവരുടെ എണ്ണം കൂടുന്നതില്‍
ഉത്കണ്ഠപ്പെടാനൊന്നുമില്ലെന്ന് ഇവിടത്തെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരതത്തില്‍ തൊഴില്‍ മേഖലയില്‍ മനുഷ്യ വിഭവ ശേഷി വിനിയോഗിക്കാനുള്ള പുതിയ ഒട്ടേറെ പദ്ധതികള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്ത് അവിടെത്തന്നെ ജീവിക്കുകയെന്ന മനസ്ഥിതിക്ക് മാറ്റമുണ്ടാകുകയും അന്യരാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ കാണിക്കുന്ന താല്‍പര്യം ഇവിടെയും പ്രകടിപ്പിക്കുകയും ചെയ്താല്‍ മതിയെന്ന് അവര്‍ പറയുന്നു.
















