ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായിട്ടുള്ള മൂവരും അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ദല്‍ഹി ജന്തര്‍ മന്ദറിലും സാമൂഹ്യ മാധ്യമങ്ങളിലുമാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകള്‍ പ്രചരിക്കുന്നത്.
ജെഎന്‍യുവിലെ രാജ്യദ്രോഹികളായ കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവരെ വെടിവെച്ചു കൊല്ലുന്നത് രാഷ്‌ട്ര ധര്‍മ്മമാണ്. ഇവരെ താന്‍ കൊല്ലുമെന്നും പോസ്റ്ററുകളില്‍ പറയുന്നുണ്ട്. അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ബല്‍ബീര്‍ സിങ് ഭട്ടാചാര്യയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ഇയാളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഫോണ്‍നമ്പറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികം ആചരിക്കുന്നവരെ വധിക്കുന്നതാണ്. രാജ്യത്ത് ഭീകരരില്‍ നിന്നുള്ള ഭീഷണിയേക്കാള്‍ കൂടുതല്‍ രാജ്യദ്രോഹികളുടെ ഭീഷണിയാണ് നിലനില്‍ക്കുന്നത്. ഇത്തരക്കാരെ വെടിവെച്ചുകൊന്ന് ജിവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതില്‍ തെറ്റില്ല.
അതിനിടെ പോസ്റ്ററില്‍ പറയുന്ന നമ്പര്‍ യമുന ബസാറിലെ ഒരു കച്ചവടക്കാരന്റേതാണെന്ന് പോലീസ് കണ്ടെത്തി. ജന്തര്‍ മന്ദറില്‍ വെള്ളിയാഴ്ച സന്ദര്‍ശനം നടത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല.
















