ന്യൂദല്‍ഹി: രാജ്യസഭാംഗമാകാന്‍ മല്യ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ സമയത്ത് സ്വത്തിനെപ്പറ്റി നല്‍കിയ സത്യവാങ്ങ്മൂലം രസകരമാണ്. തനിക്ക് 615 കോടിയുടെ സ്വത്തുണ്ടെന്നാണ് അന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നത്. ഫെരാരി കാര്‍, സ്വര്‍ണ്ണാഭരണങ്ങള്‍, കടപ്പത്രങ്ങള്‍, ഡിബഞ്ചറുകള്‍ എന്നിവയെല്ലാം ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ തന്റെ കൈവശം പണമായി വെറും 9500 രൂപയേ ഉള്ളുവെന്നും വീടോ വസ്തുവോ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഒരു ബാധ്യതയും ഇല്ലെന്നാണ് 2010ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.
ബാങ്കുകളില്‍ നാലു കോടിയുടെ നിക്ഷേപമുണ്ട്. 591 കോടിയുടെ കടപ്പത്രങ്ങളും ഓഹരികളും ഡിബഞ്ചറുകളുമുണ്ട്. യുബി ബ്രൂവറീസ്, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, മക്ഡവല്‍, യുണൈറ്റഡ് റേസിംഗ് എന്നിങ്ങനെ വിവിധ കമ്പനികളില്‍ ഓഹരിയുണ്ട്.2013ല്‍ നൂറ് അതിസമ്പന്നരായ ഭാരതീയരുടെ ഫോബ്‌സ് പട്ടികയില്‍ സ്ഥാനം പിടിച്ച ഇയാള്‍ക്ക് 25 ലക്ഷം രൂപ വിലയുള്ള 89 മോഡല്‍ഫെരാരി കാറുണ്ട്. സ്വര്‍ണ്ണം, രത്‌നം, വജ്രം എന്നിവ നാലു കോടിയുടെയുണ്ട്. 13.50 ലക്ഷത്തിന്റെ എല്‍ഐസി പോളിസിയും. കാംസ്‌കോ ഇന്‍ഡസ്ട്രീസ്, യുണൈറ്റഡ് സ്പിരിറ്റ്‌സ് തുടങ്ങിയ നാലു കമ്പനികളില്‍ 14 കോടിയുടെ ഓഹരിയുണ്ട്.
2010 ല്‍ രാജ്യസഭയിലെ അതിസമ്പന്നനായ രണ്ടാമത്തെയാളായിരുന്നു മല്ല്യ. ഒന്നാമന്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിയായിരുന്നു. വാര്‍ഷിക ശമ്പളം 41.4 കോടിയാണ് ഇയാള്‍ക്ക് പല രീതിയില്‍ ലഭിച്ചിരുന്നത്. സിംഗ്‌വിക്ക് 50 കോടിയാണ് ലഭിച്ചിരുന്നത്.
















