നാഗൗര്‍ (രാജസ്ഥാന്‍): രാഷ്‌ട്രീയ സ്വയം സേവകസംഘം അഖിലഭാരതീയ പ്രതിനിധിസഭയ്‌ക്ക് ഇന്നലെ സമാരംഭമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് മൂന്നു ദിവസത്തെ പ്രതിനിധിസഭയുടെ ഉദ്ഘാടന സഭയെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,400ലേറെ പേരാണ് ആര്‍എസ്എസിന്റെ ഉന്നത നയരൂപീകരണസമിതിയായ പ്രതിനിധിസഭയില്‍ പങ്കെടുക്കുന്നത്.
2015ല്‍ മാത്രം രാജ്യത്ത് 5,524 നിത്യശാഖകള്‍ വര്‍ദ്ധിച്ചതായി സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. രാജ്യത്തെ 840 റവന്യൂ ജില്ലകളില്‍ 820 ജില്ലകളിലായി 56,859 ശാഖകളാണ് ആര്‍എസ്എസിനുള്ളത്. 2012ല്‍ 40,522 ആയിരുന്നു ശാഖകളുടെ എണ്ണം. മൂന്നുവര്‍ഷംകൊണ്ട് 10,413 ശാഖകളുടെ വര്‍ദ്ധന. 36,867 സ്ഥലങ്ങളിലാണ് ആര്‍എസ്എസിന് പ്രവര്‍ത്തനമുള്ളത്. ആഴ്ചയിലൊരിക്കല്‍ നടക്കുന്ന മിലന്‍ ശാഖകളുടെ എണ്ണം 12,487ല്‍ നിന്നും 937 എണ്ണം വര്‍ദ്ധിച്ച് 13,784 ആയി ഉയര്‍ന്നു.
മാസത്തിലൊരിക്കല്‍ നടക്കുന്ന സംഘമണ്ഡലിയുടെ എണ്ണം 8226 ആണ്.
ശാഖകളില്‍ 65.6 ശതമാനവും വിദ്യാര്‍ത്ഥി ശാഖകളാണ്. 5,175 ശാഖകള്‍ പ്രൊഫഷണലുകള്‍ പങ്കെടുക്കുന്നവയാണ്. 25 ശതമാനം ശാഖകളില്‍ കര്‍ഷകരും പങ്കെടുക്കുന്നു. രാജ്യത്തെ 95 ശതമാനം ജില്ലകളിലും ആര്‍എസ്എസ് പ്രവര്‍ത്തനമുണ്ട്. രാജ്യത്തെ 6,183 ബ്ലോക്കുകളിലും പ്രവര്‍ത്തനമുണ്ട്. 2,594 നഗരങ്ങളില്‍ 2,406 നഗരങ്ങളിലും സംഘപ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. 52,000ത്തോളം ശാഖകള്‍ ഗ്രാമങ്ങളിലാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 83 സംഘശിക്ഷാവര്‍ഗ്ഗുകളാണ് 2015ല്‍ നടന്നത്. പ്രഥമവര്‍ഷ ശിക്ഷാവര്‍ഗ്ഗില്‍ 17,835പേരും ദ്വിതീയവര്‍ഷ ശിക്ഷാവര്‍ഗ്ഗില്‍ 3,715 പേരും നാഗ്പൂരില്‍ നടക്കുന്ന ത്രിതീയ വര്‍ഷ വര്‍ഗ്ഗില്‍ 875പേരും പരിശീലനം നേടി.
















