ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളില്‍ അതത് മന്ത്രിമാരുടെ ചിത്രങ്ങള്‍ നല്‍കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അഭ്യര്‍ഥിച്ചു.
സുപ്രീംകോടതിയുടെ വിലക്കുള്ളതിനാല്‍ പ്രധാനമന്ത്രിയുടെയല്ലാതെ മറ്റാരുടെയും ഫോട്ടോ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അഭ്യര്‍ഥന. പരസ്യങ്ങളില്‍ രാഷ്‌ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരുടെ മാത്രം ചിത്രങ്ങളേ ഉള്‍പ്പെടുത്താന്‍ പാടുള്ളുവെന്ന മുന്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗി ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയ്, പിസി ഘോഷ് എന്നിവരുള്‍പ്പെട്ട ബെഞ്ചിനോട് അഭ്യര്‍ഥിച്ചു.
പ്രധാനമന്ത്രിയുടെ മാത്രം ഫോട്ടോ ഉള്‍പ്പെടുത്തുന്നത് വ്യക്തിയാരാധനക്ക് ഇടയാക്കും. ഇത് കോടതി ഉത്തരവിന്റെ അന്തസത്തയ്‌ക്കു തന്നെ വിരുദ്ധമാണ്. അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ പേരില്ലാത്തവരും മുഖമില്ലാത്തവരുമാകുകയാണ്. സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ മാത്രമേ ഉപയോഗിക്കാന്‍ കഴിയുന്നുള്ളു. ഓരോ മന്ത്രിയും പ്രധാനമന്ത്രിയെപ്പോലെ തന്നെ പ്രധാനമാണ്. മൂന്നു പേരുടെ ഫോട്ടോകള്‍ മാത്രം പരസ്യങ്ങളില്‍ വച്ചാല്‍ മതിയെന്നതിന് ഒരടിസ്ഥാനവുമില്ല. മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും ഫോട്ടോകള്‍ കേന്ദ്ര, സംസ്ഥാന പരസ്യങ്ങളില്‍ അനുവദിക്കണം. ജനാധിപത്യത്തില്‍ വ്യക്തി ആരാധാന അത്ര നടപ്പുള്ള കാര്യമല്ല. അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
സുപ്രീം കോടതി വിധി സെന്‍സര്‍ഷിപ്പിന് തുല്യമാണ്. ഒരു മന്ത്രാലയം ചെയ്ത നടപടികള്‍ക്ക് അതത് മന്ത്രിമാര്‍ ഉത്തരവാദികളാണ്. തന്റെ മന്ത്രാലയം ചെയ്യുന്ന സേവനങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ പുറത്തെറിയും. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മെയിലാണ് പരസ്യങ്ങൡ മന്ത്രിമാരുടെ ഫോട്ടോവയ്‌ക്കുന്നത് കോടതി വിലക്കിയത്.
കോടതി വിധി രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിനു വിരുദ്ധമാണ്. പ്രധാനമന്ത്രിയെപ്പോലെ മുഖ്യമന്ത്രിമാരും അതത് സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടവരാണ്. തന്റെ സര്‍ക്കാര്‍ ചെയ്ത നടപടികളെപ്പറ്റി അവര്‍ക്കും ജനങ്ങളോട് പറയാതിരിക്കാനാവില്ല. മുകുള്‍ റോത്തഗി പറഞ്ഞു. വിചാരണ സമയത്ത് കൃത്യമായ ചിത്രം അവതരിപ്പിക്കാന്‍ ആയില്ല. അതിനാല്‍ വിധിയിലെ അപാകത പരിഹരിക്കണം. എക്‌സിക്യൂട്ടീവിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ് കോടതി ഉത്തരവ്. ഒരു സര്‍ക്കാര്‍ എങ്ങനെ, എന്ത് പരസ്യം നല്‍കണമെന്ന് നിശ്ചയിക്കാന്‍ കോടതിക്ക് ഒരധികാരവുമില്ല. സര്‍ക്കാര്‍ ചെലവഴിക്കുന്ന ഒരോ പൈസയും പാര്‍ലമെന്റ് അംഗീകരിച്ചതാണ്. പരസ്യത്തിനുള്ള ബജറ്റ് തുക നിരസിക്കാന്‍ പോലും പാര്‍ലമെന്റിന് കഴിയും. അദ്ദേഹം പറഞ്ഞു.
















