ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മത്സരിക്കാന്‍ തീരുമാനം. ദല്‍ഹിയില്‍
ചേര്‍ന്ന അവയ്‌ലബിള്‍ പിബി യോഗത്തിലാണ് തീരുമാനം.
ദല്‍ഹിക്ക് പുറത്തുള്ള നേതാക്കളെ ഫോണില്‍ വിളിച്ച് നേതൃത്വം അഭിപ്രായം ആരാഞ്ഞതിനുശേഷമാണ് യോഗം ചേര്‍ന്നത്. പിബിയുടെ തീരുമാനം വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അവതരിപ്പിക്കും.
യച്ചൂരിക്ക് പുറമേ പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് പിബി നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമോ എന്ന കാര്യം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യാനും പിബി തീരുമാനിച്ചു.
തെരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടെന്നാണ് പിബിയിലെ ധാരണ.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതല്ല സിപിഎമ്മിന്റെ രീതി. അതിനാല്‍ തന്നെ മുഖ്യമന്ത്രി ആരെന്നത് പിന്നീട് തീരുമാനിക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി.
അതിനിടെ നിയമസഭ സീറ്റ് വിഭജനചര്‍ച്ചക്കായി ഇടതുമുന്നണിയോഗവും ഇന്ന് ചേരും. ഇന്ന് വൈകിട്ട് കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക് തിരിക്കും. വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം അടക്കം മുന്നണിക്ക് പുറത്ത് നില്‍ക്കുന്ന കക്ഷികളുമായി തെരഞ്ഞെടുപ്പില്‍ എങ്ങനെ സഹകരിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും.
















