ന്യൂദല്‍ഹി: ജെഎന്‍യുവില്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെന്നു പ്രസംഗിച്ചതിന്റെ പേരില്‍ ബിജെപി എംപിയെ കുറ്റപ്പെടുത്തിയവര്‍ക്ക് പാര്‍ലമെന്റിന്റെ നടപടി രേഖ തക്ക മറുപടി നല്‍കുന്നു. ജെഎന്‍യു കാമ്പസില്‍ ആവശ്യാനുസരണം ഗര്‍ഭ നിരോധന ഉറ ലഭിക്കാന്‍ മെഷീന്‍ സ്ഥാപിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍. അതിനെ പിന്തുണച്ചത് ഇടതുപക്ഷവും. 2004-ല്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന്റെ പിന്തുണയില്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് സംഭവം.
അന്ന് ആരോഗ്യ മന്ത്രിയായിരുന്നത് പട്ടാളി മകള്‍ കച്ചി (പിഎംകെ) നേതാവ് ഡോ. അന്‍പുമണി രാംദോസായിരുന്നു 2005 ഡിസംബര്‍ 20-ന് അന്ന് ആലപ്പുഴയില്‍നിന്ന് എംപിയായി ലോക്‌സഭയിലെത്തിയ ഡോ. മനോജ് കുരിശിങ്കല്‍ ശൂന്യവേളയില്‍ ആണ് പ്രശ്‌നം ഉന്നയിച്ചത്. ഡോ. മനോജ് മന്ത്രിയോടു ചോദിച്ചു, സഭയോടു പറഞ്ഞു:
”സര്‍, നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (നാകോ) എല്ലാ യൂണിവേഴ്‌സിറ്റി കാമ്പസുകളിലും ഗര്‍ഭ നിരോധന ഉറകള്‍ ലഭ്യമാക്കുന്ന മെഷീനുകള്‍ സ്ഥാപിക്കാന്‍ അനുതി നല്‍കിയിരിക്കുന്നു. ദല്‍ഹിയിലെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജെഎന്‍യു-ദല്‍ഹി യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ ഈ മെഷീനുകള്‍ സ്ഥാപിച്ചു. അതിനോടുള്ള ആവേശകരമായ പ്രതികരണത്തെത്തുടര്‍ന്ന് ദല്‍ഹി സൊസൈറ്റിയുടെ നിര്‍ദ്ദേശ പ്രകാരം നാകോ മറ്റ് കാമ്പസുകളിലും ഈ മെഷീനുകള്‍ സ്ഥാപിക്കാന്‍ പോകുന്നു.
സര്‍, കാമ്പസുകളില്‍ ഗര്‍ഭനിരോധന ഉറ ലഭ്യമാക്കുന്ന മെഷീനുകള്‍ സ്ഥാപിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയും ഫ്രീ സെക്‌സ് (സ്വതന്ത്ര ലൈംഗികത) പ്രോത്സാഹിപ്പിക്കുകയും എയ്ഡ്‌സ്-എച്ച്‌ഐവി സാധ്യത കൂടുതല്‍ മോശമാക്കുകയുമല്ലേ ചെയ്യുക.
സര്‍, ഉറകള്‍ നൂറുശതമാനം എയ്ഡ്‌സ് തടയാന്‍ പര്യാപ്തമല്ല, മാത്രമല്ല, സുരക്ഷയെക്കുറിച്ചത് തെറ്റായ ബോധവും നല്‍കും. ഈ നീക്കം നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തേയും വ്രണപ്പെടുത്തും. അതിനാല്‍ കാമ്പസുകളില്‍ മെഷീന്‍ സ്ഥാപിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കാനും നമ്മുടെ സര്‍വകലാശാലകളിലെ സാംസ്‌കാരിക അധഃപതനം തടയാനും അഭ്യര്‍ത്ഥിക്കുന്നു.”
മന്ത്രി കുലുങ്ങിയില്ല, പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ആരോഗ്യ കാര്യത്തില്‍ അതാവശ്യമാണെന്നും പറഞ്ഞു.
പിന്നീട് സിപിഎമ്മുമായി ബന്ധം ഒഴിഞ്ഞ്, ഇപ്പോള്‍ വിദേശത്ത് ഡോക്ടറായി ജോലി ചെയ്യുന്ന ഡോ. മനോജ് ഓര്‍മ്മിക്കുന്നു,” അന്ന് സഭയില്‍ വിവിധ അഭിപ്രായങ്ങളായിരുന്നു. ഏറെക്കുറേപ്പേര്‍ ഞാന്‍ പറഞ്ഞ നിലപാടിലായിരുന്നു. സാംസ്‌കാരിക അധഃപതനം ഉണ്ടാക്കുമെന്നു പറഞ്ഞു. പക്ഷേ, മന്ത്രി മെഷീന്‍ സ്ഥാപിക്കണമെന്നു വാദിച്ചു.
കാമ്പസുകളിലല്ല, പൊതു നിരത്തുകൡലെ മൂത്രപ്പുരകളിലും ലൈംഗികത്തൊഴിലാളികളുടെ തെരുവിലുമാണിത് സ്ഥാപിക്കേണ്ടതെന്നു ഞാന്‍ പറഞ്ഞു,” മനോജ് ജന്മഭൂമിയോടു വിശദീകരിച്ചു.
കാമ്പസിലിതു വേണ്ടെന്നും ലൈംഗിക സ്വാതന്ത്ര്യത്തിലേക്കും അരാജകത്വത്തിലേക്കും സാംസ്‌കാരിക പ്രശ്‌നങ്ങളിലേക്കും ഇതു നയിക്കുമെന്നു പറഞ്ഞ മനോജിനെ പിന്താങ്ങാന്‍ അന്ന് കേരളത്തിലെ സിപിഎം എംപിമാരും ഉണ്ടായിരുന്നില്ല.
‘അവര്‍ക്കെല്ലാം ആരോഗ്യ കാര്യത്തിനായിരുന്നു പ്രാധാന്യം. അവരാരും സാംസ്‌കാരികമോ മൂല്യപ്രശ്‌നമോ പരിഗണിച്ചതേ ഇല്ല,’ മസ്‌ക്കറ്റില്‍നിന്ന് മനോജ് ഇലക്‌ട്രോണിക് സന്ദേശത്തില്‍ ജന്മഭൂമിയോടു പ്രതികരിച്ചു.
ഗര്‍ഭ നിരോധന ഉറയുടെ എണ്ണം പറഞ്ഞ് ജെഎന്‍യുവിനെ ബിജെപി എംപി ആക്ഷേപിച്ചുവെന്നും വിശ്വ സര്‍വകലാശാലയുടെ അന്തസ്സിടിച്ചുവെന്നും ആരോപിക്കുന്നവര്‍ അവിടത്തെ കാമ്പസില്‍ മാത്രമല്ല, എല്ലാ കാമ്പസിലും ഉറ കിട്ടുന്ന മെഷീന്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയവരായിരുന്നുവെന്നതാണ് വാസ്തവം.
















