കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഎമ്മുകാരായ രണ്ടുപേരെ പോലീസിന്റെ അപേക്ഷയെ തുടര്‍ന്ന് കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കി. അരോളി സ്വദേശികളായ ജിഷ്ണുദേവ്, ബൂസ്റ്റ് സന്തോഷ് എന്നിവരെയാണ് ഇന്നലെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഏതാനും ദിവസം മുമ്പ് കേസില്‍ ആദ്യം അറസ്റ്റിലായ ആറു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും സംഭവം നടന്ന അരോളിയിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തിരുന്നു. ഇവരെ തിരികെ കോടതിയിലെത്തിച്ച ശേഷം മറ്റ് രണ്ടുപേരെ കൂടുതല്‍ തെളിവെടുപ്പിനായി വിട്ടുതരാന്‍ കേസന്വേഷിക്കുന്ന വളപട്ടണം സിഐ ശ്രീജിത്ത് കോടതിയോടപേക്ഷിക്കുകയായിരുന്നു. പ്രതികളായി റിമാന്റില്‍ കഴിയുന്ന മറ്റ് 4 പേരെ കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 15 നായിരുന്നു 20 ആംഗ സിപിഎം സംഘം സുജിത്തിനെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി അടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്. കേസില്‍ ഒരു 17 വയസ്സുകാരനായ വിദ്യാര്‍ത്ഥിയുള്‍പ്പെടെ 14 പ്രതികള്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
















