കോട്ടയം: ഇരുപത്തിയെട്ടാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇന്ന് ആരംഭിച്ച് 8ന് സമാപിക്കും. എംഡി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുഖ്യവേദി. കൂടാതെ എംറ്റി സെമിനാരി എച്ച്എസ്എസ്, ബേക്കര്‍ മെമ്മോറിയല്‍ എച്ച്എസ്എസ്, സെന്റ് ജോസഫ് എച്ച്എസ്എസ്, മൗണ്ട് കാര്‍മ്മല്‍ എച്ച്എസ്എസ്, ഗുഡ് ഷെപ്പേര്‍ഡ് എല്‍പിഎസ്, ഹോളി ഫാമിലി എച്ച്എസ്എസ്, വിദ്യാധിരാജ ഹയര്‍സെക്കന്ററി സ്‌കൂള്‍, എംഡി എല്‍പിഎസ്, സെന്റ് ആന്‍സ് എച്ച്എസ്എസ് എന്നീ സ്‌കൂളുകളും വേദികളാണ്. ഇന്ന്് രാവിലെ 9ന് എംഡിഎച്ച്എസ്എസില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ് പതാക ഉയര്‍ത്തും. 1.45ന് എംറ്റി എച്ച്എസ്എസില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ജില്ലാ പോലീസ് ചീഫ് എസ്. സതീഷ് ബിനോ ഫഌഗ് ഓഫ് ചെയ്യും. മുഖ്യ വേദിയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോനയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാര്‍ തേവോദോസിയോസ് അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണവും നടത്തും. സംസ്‌കൃതോത്സവം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയും അറബി കലോത്സവം ഡോ. എന്‍. ജയരാജ് എംഎല്‍എയും സമ്മാനദാനം ലോഗോ എന്നിവ അഡ്വ. കെ.സുരേഷ് കുറുപ്പ് എംഎല്‍എ യും ഉദ്ഘാടനം ചെയ്യും. റാലിയുടെ സമ്മാനദാനം കെ.അജിത്ത് എംഎല്‍എയും നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ യു.വി. ജോസ് വിശിഷ്ടാതിഥിയായിരിക്കും. 8ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി സമ്മാനദാനം നിര്‍വ്വഹിക്കും.
















