കോട്ടയം: നാഗമ്പടം ചെറിയ മൈതാനത്ത് നടക്കുന്ന കൈത്തറി വസ്ത്രവിപണന മേളയില്‍ തിരക്കേറി. കേരളത്തിലെ കൈത്തറി സൊസൈറ്റികളുടെ ഒരു കൂട്ടായ്‌മയാണ് ഈ മേള സംഘടിപ്പിക്കുന്നത്. കരകൗശല വസ്തുക്കളും പ്രദര്‍ശന വില്‍പ്പന മേളക്ക് മാറ്റുകൂട്ടുന്നു. ചോക്‌ലേറ്റ്, ഗ്രീന്‍ടീ, വൈന്‍, സ്‌ക്വാഷ്, ആറന്മുള കണ്ണാടി തുടങ്ങിയവയെല്ലാം പ്രദര്‍ശന വില്പന മേളയിലുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ പ്രശസ്തമായ കൈത്തറി യൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കുന്നു. ബാലരാമപുരം, കൂത്താമ്പുള്ളി തുടങ്ങിയ പ്രശസ്തമായ കൈത്തറി ഇനങ്ങളും വില്‍പ്പനയ്‌ക്കുണ്ട്. നിലവാരമുള്ള സാരികള്‍, മുണ്ടുകള്‍, ഷര്‍ട്ട് തുണികള്‍, സെറ്റും മുണ്ടും , തോര്‍ത്തുകള്‍, ബെഡ്ഷീറ്റ് തുടങ്ങിയവ വാങ്ങുന്നതിന് അസുലഭമായ അവസരമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. പൂജാസാധനങ്ങള്‍വരെ സ്റ്റാളുകളിലുണ്ട്. ശംഖുകള്‍, മാലകള്‍ തുടങ്ങിയവയും ലഭ്യമാണ്. 200 മില്ലിഗ്രാം ഉപയോഗിച്ച് നിര്‍മ്മിച്ച തീരെ ചെറിയ കണ്ണട പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
മേളയില്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വിലക്കുറവുണ്ട്. ക്രിസ്മസ് അടുത്തതോടെ പ്രദര്‍ശനമേളയില്‍ തിരക്കേറി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. മേള ഇന്ന് സമാപിക്കും.
















