പാനൂര്‍: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ പഞ്ചായത്തുകളിലെ അശരണരായ വിധവകള്‍ക്കായി നടപ്പാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിക്ക് പന്ന്യന്നൂരില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി 10 കോഴികളും 10 കിലോ കോഴി തീറ്റയും ഉപഭോക്താവിന് ലഭിക്കും. പന്ന്യന്നൂര്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത 753 പേര്‍ക്കാണ് കോഴികളും കോഴി തീറ്റയും ലഭിച്ചത്. മീത്തലെ ചമ്പാട് മിനി സ്‌റ്റേഡിയത്തില്‍ കോഴി വിതരണോദ്ഘാടനം പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.കുഞ്ഞബ്ദുള്ള നിര്‍വഹിച്ചു.പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ടി.ടി റംല, ജില്ലാ പഞ്ചായത്തംഗം ടി.ആര്‍ സുശീല, ബ്ലോക്ക് പഞ്ചായത്തംഗം പി.മനോജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ഹരിദാസ്, ഇ.വിജയന്‍, ഇ.രാമചന്ദ്രന്‍, ഇ.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ മോഹനന്‍ സ്വാഗതവും സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
















