നാദാപുരം: കേരളത്തിലെ പഞ്ചായത്തുകള്‍ നടപ്പിലാക്കിയ വികസന പദ്ദതികളെപറ്റി പഠിക്കാന്‍ അസമില്‍ നിന്നും വിദഗ്ദ സംഘം നാദാപുരത്തെത്തി. സാമൂഹ്യശുചിത്വം, ആരോഗ്യം, കുടിവെള്ള പദ്ധതികള്‍ എന്നിവയെപ്പറ്റി പഠിച്ചു ആസ്സാമില്‍ ഇതേ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിയുള്ള പഠനത്തിനാണ് ലോകബാങ്ക് കണ്‍സള്‍ട്ടന്റ് ബേപ്പൂരിയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗ സംഘം ഇന്നലെ വൈകുന്നേരത്തോടെ നാദാപുരം ഗ്രാമപഞ്ചായത്തിലെത്തിയത്. അസമില്‍ ലോക ബാങ്കിന്റെ സഹായത്തോടെ 3000 കോടി രൂപ ചെലവില്‍ വന്‍കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട് . സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഒരു കുടുംബത്തില്‍ നിന്ന് നാനൂറ്റി അന്‍പത് രൂപയാണ് ഈടാക്കുന്നതെന്നും സംഘം പറഞ്ഞു. ജലനിധി പദ്ധതി നടപ്പിലാക്കിയ മറ്റു പഞ്ചായത്തുകളില്‍ നിന്ന് ഇവയുടെ പ്രവര്‍ത്തന രീതി നേരിട്ട് പഠിക്കാനാണ് സംഘത്തിന്റെ തീരുമാനം. ഇതിനായി വിവിധ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. നിരവധി തവണ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് ലഭിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് നാദാപുരം തെരഞ്ഞെടുക്കാന്‍ കാരണമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. നാദാപുരത്ത് നടപ്പിലാക്കിയ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും,മറ്റു പ്രവര്‍ത്തനങ്ങളും സംഘാംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളില്‍ നിന്നും ചോദിച്ചറിഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. സഫീറ, വൈസ് പ്രസിഡണ്ട് സി.വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംഘാംഗങ്ങളായ ബേപ്പൂരി, ഡോ. സഞ്ചു മുന്നാര്‍ പെയ് ,ലോക ബാങ്ക് ഡല്‍ഹി ഓഫീസ് മേധാവി പി.കെ. കുര്യന്‍,യോഹന്നാന്‍, ഷഹീം സംഘം എന്നിവരുമായി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത ദിവസങ്ങളില്‍ മലപ്പുറം, വയനാട് ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തും .
















