കരുനാഗപ്പള്ളി: വീട്ടുവളപ്പിലെ അടുക്കളമുറ്റത്ത് ജൈവപച്ചക്കറിത്തോട്ടമൊരുക്കി ഒരു ഡോക്ടര്‍ വീട്ടമ്മമാര്‍ക്ക് മാതൃകയാകുന്നു. തൊടിയൂര്‍ അരമത്തുമഠം വാര്‍ഡിലെ മുന്‍ഗ്രാമപഞ്ചായത്തംഗം തൊടിയൂര്‍ വിജയന്റെ ഭാര്യ ഡോ.ഗിരിജാദേവിയാണ് ഇത്.
പാവലും പടവലവും പയറും കോവലും വാഴയും ഇടവിളക്കൃഷികളും ഉള്‍പ്പെടെ എല്ലാവിളകളും സമ്പുഷ്ടമായി ഈ അരയേക്കര്‍ സ്ഥലത്ത് കൃഷി ചെയ്തുവരുന്നു. ഇപ്പോള്‍ കാബേജ്, കോളിഫഌവര്‍ എന്നിവയും കൃഷി ചെയ്യുന്നു. കൂടാതെ ഹരിതം പച്ചക്കറി ക്ലസ്റ്റര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറിത്തൈകളുടെ ഉല്‍പാദനവും വില്‍പ്പനയും സജീവമാണ്.
തികച്ചും ജൈവവളം മാത്രമുപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. തൊടിയൂര്‍ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ നട്ടുവളര്‍ത്തിയ റൊബസ്റ്റ ഇനത്തിലുള്ള വാഴക്കുലകളുടെ വിളെടുപ്പ് ഉദ്ഘാടനം സി.ദിവാകരന്‍ എംഎല്‍എ നിര്‍വഹിച്ചു.
വിഷലിപ്തമായ പച്ചക്കറികള്‍ പൊള്ളുന്ന വിലകൊടുത്ത് വാങ്ങുന്ന വീട്ടമ്മമാര്‍ക്ക് ഡോ.ഗിരിജ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊടിയൂര്‍ പഞ്ചായത്തിലെ മികച്ച വനിതാകര്‍ഷക, ക്ഷീരകര്‍ഷക അവാര്‍ഡുകളും ഗിരിജക്ക് ലഭിച്ചിട്ടുണ്ട്.
ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ മുന്‍ഗ്രാമപഞ്ചായത്തംഗം തൊടിയൂര്‍ വിജയന്‍ അധ്യക്ഷനായിരുന്നു.
മുന്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.ജയകൃഷ്ണപിള്ള, മുന്‍അംഗം കെ.വി.വിജയന്‍, അസി.കൃഷിഓഫീസര്‍ വി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
















