കുമരകം: ശുദ്ധജല പൈപ്പിലെ എയര്‍ ഹോളുകള്‍ വഴിയാത്രക്കാര്‍ക്ക് വിനയാകുന്നു. കുമരകം ബോട്ട് ജെട്ടിക്ക് കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന പഴയ പമ്പുഹൗസിനോടു ചേര്‍ന്നുള്ള പൈപ്പുകളിലെ എയര്‍ഹോളില്‍നിന്നും ഇടതടവില്ലാതെ നടവഴിയില്‍ പതിക്കുന്ന വെള്ളമാണ് വഴിയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
ഈ വെള്ളം ശക്തിയില്‍വീണ് വഴിയാകെ വെള്ളം ഒഴുകി ചതുപ്പുപോലെ നശിച്ചനിലയിലാണ്. എയര്‍ ഹോളില്‍നിന്നും പുറം തള്ളുന്ന വെള്ളം അടുത്തുതന്നെ സ്ഥിതിചെയ്യുന്ന തോട്ടിലേക്കോ അതല്ലെങ്കില്‍ പ്രത്യേക ഓട നിര്‍മ്മിച്ച് അതിലൂടെ ഒഴുക്കി കളയുകയോ ചെയ്യേണ്ടതാണ്. ടൂറിസ്റ്റുകള്‍ ഇതുവഴിയെത്തിയാണ് മോട്ടോര്‍ ബോട്ടുകളില്‍ കായലിലേക്കു പോകാന്‍ എത്തുന്നത്. ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും വഴി നടക്കാനാകാത്ത വിധത്തില്‍ പൊതുവഴിയിലേക്കു വീഴുന്ന വെള്ളം തിരിച്ചുവിടുന്നതിലെക്കുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന ജനകീയാവശ്യം ശക്തമാണ്.
















