കണ്ണൂര്‍: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍ പി ആര്‍) പുതുക്കുന്നതിന്റെ ഭാഗമായി നിയുക്തരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡിസംബറില്‍ എല്ലാ കുടുംബങ്ങളും സന്ദര്‍ശിക്കും. എല്ലാ സ്ഥിരതാമസക്കാരും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കലുളള രേഖകള്‍ പരിശോധിച്ച് കുടുംബത്തെക്കുറിച്ചുളള വിവരങ്ങള്‍ രേഖപ്പെടുത്തിയതായി ഉറപ്പുവരുത്തേണ്ടതാണ്. എന്‍പിആറില്‍ എന്റോള്‍ ചെയ്തിട്ടുളള കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക, മരിച്ച ആളുകളെ ഒഴിവാക്കുക, പുതിയ അംഗങ്ങളെ (നവജാത ശിശുക്കള്‍ ഉള്‍പ്പെടെ) ഉള്‍പ്പെടുത്തുക എന്നീ കാര്യങ്ങള്‍ ഉറപ്പാക്കണം. ഓരോ വ്യക്തിയുടെയും ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് ഐഡി നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ മുതലായ വിവരങ്ങള്‍ കൂടി ഇതോടൊപ്പം ശേഖരിക്കുന്നുണ്ട്. പൊതുജനങ്ങള്‍ വിവരശേഖരണത്തിനായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കി. സഹകരിക്കണമെന്ന് സെന്‍സസ് ജോ.ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
















