തലശ്ശേരി: അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കൈപ്പറ്റുന്നത് രാഷ്‌ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഔദാര്യത്തിലാണെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നത് വിവരക്കേടാണെന്നും തലശ്ശേരിയില്‍ 6 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന സഹായി എന്ന സേവാ സംഘിന്റെ പ്രസിഡണ്ട് അജയകുമാര്‍ മീനോത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ രാജാധികാരമാണ് വോട്ടവകാശം. അതിനാല്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ രാജാക്കന്‍മാരെപ്പോലെയല്ല പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക, അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുവാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക, തുല്യനീതി ഉറപ്പാക്കുവാന്‍ ആവശ്യമെങ്കില്‍ പോരാടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സഹായി പ്രവര്‍ത്തിക്കുക. ഇതിനായി നിയമജ്ഞര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, കലാകാരന്‍മാര്‍, സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ കരുത്ത് തെളിയിച്ചിട്ടുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സഹായി രൂപീകൃതമായിട്ടുള്ളത്. തങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമായി അറിയാത്തവരെ ബോധവത്കരിക്കുകയും അവകാശപ്പെട്ടത് സംഘടിപ്പിച്ചുകൊടുക്കുവാനും സഹായി മുന്‍കൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ 11 മണിക്ക് പാരീസ് പ്രസിഡന്‍സി ഹാളില്‍ നടക്കുന്ന സഹായി ഓഫീസ് പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.കെ.ബാലറാം മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ സെക്രട്ടറി രണേഷ് രാംപ്രസാദും പങ്കെടുത്തു.
















