രാഗാ എന്ന ചുരുക്കപ്പേരില്‍ ചില മാധ്യമങ്ങള്‍ പരാമര്‍ശിക്കുന്ന രാഹുല്‍ഗാന്ധിയെ രാഹുല്‍ എന്നുമാത്രം പറഞ്ഞാല്‍ പശുപാലന്റെ മകന്‍ രാഹുല്‍ ആയി ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കും. അമ്മഗാന്ധിയും മകന്‍ ഗാന്ധിയും മാത്രമേ ഇപ്പോള്‍ സക്രിയമായി രംഗത്തുള്ളൂ. ഒരു മാസ്റ്റര്‍ ഗാന്ധിയെ പ്രതീക്ഷിക്കാനാകുമോ?
രാഹുല്‍, താങ്കള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതുമൂലം പ്രസിദ്ധിയാണോ കുപ്രസിദ്ധിയാണോ ലഭ്യമാകുന്നതെന്ന് കോണ്‍ഗ്രസുകാരാണ് വിലയിരുത്തേണ്ടത്. താങ്കള്‍ കലാവതി എന്ന സാധുസ്ത്രീയുടെ വീട്ടില്‍ രാപാര്‍ത്തതും (അവരുടെ ദുര്യോഗം നേരിട്ടു മനസ്സിലാക്കാന്‍ വേണ്ടിയാണെന്ന് പറയപ്പെടുന്നു) പിന്നീട് അവരെ തിരിഞ്ഞുനോക്കാതിരുന്നതും കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നുണ്ടാകും.
സര്‍വപ്രശ്‌നങ്ങളിലും താങ്കള്‍ ഇടപെടാറുണ്ട്. പട്ടാളക്കാരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കാര്യത്തിലും വിദ്യാര്‍ത്ഥികളുടെ സമരങ്ങളിലും എല്ലാം. അതിര്‍ത്തിമേഖലയിലും പോയി പ്രസംഗിച്ചതായി കണ്ടു. ഒന്നിലും പിന്നീടുള്ള അന്വേഷണമോ തുടര്‍നടപടിയോ ഒന്നും കാണുന്നില്ല.
ഗാന്ധിവധത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന് പ്രസംഗിച്ചതിന് അപകീര്‍ത്തി കേസില്‍ പെട്ടിരിക്കുകയാണല്ലോ താങ്കള്‍. കേസ് പരിഗണിക്കുന്ന കോടതി നല്ല രീതിയില്‍ കേസ് അവസാനിപ്പിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അതിനായി ഖേദം പ്രകടിപ്പിക്കണമെന്ന പരാമര്‍ശനവും നടത്തുകയുണ്ടായി. മാപ്പ് പറയാന്‍ കപില്‍ സിബലിനെപ്പോലുള്ള വിദഗ്‌ദ്ധ വക്കീലന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നില്ലെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
കൂടാതെ ഗാന്ധിവധം അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച രേഖകള്‍ അടിയന്തരാവസ്ഥക്കാലത്ത് താങ്കളുടെ മുത്തശ്ശി ഇന്ദിരാഗാന്ധി നശിപ്പിച്ചതായി ബിജെപി നേതാവ് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞിട്ടുണ്ട്. പിന്നീട് ആ രേഖ ആസ്‌ത്രേലിയയില്‍ നിന്നാണ് ലഭ്യമാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.2015 നവംബര്‍ 25, താങ്കളെ സംബന്ധിച്ച് പ്രത്യേകം ഓര്‍ത്തുവയ്‌ക്കേണ്ട ഒരു ദിവസമാണ്. ആ ദിനം എങ്ങനെയാണ് രേഖപ്പെടുത്തേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിക്കട്ടെ. അന്നാണ് ബജറ്റ് സമ്മേളനകാലത്ത് പാര്‍ലമെന്റില്‍നിന്ന് അവധിയെടുത്തു പോയതിന്റെ യഥാര്‍ത്ഥ വസ്തുത മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. 60 ദിവസം നടത്തിയ വിദേശയാത്ര ‘സ്‌പോണ്‍സര്‍’ ചെയ്തതാണെന്നും പൂര്‍വേഷ്യന്‍ രാജ്യങ്ങളിലായിരുന്നുവെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. താങ്കളോ പാര്‍ട്ടിയോ ഇക്കാര്യം നിഷേധിച്ചതായി അറിവില്ല.
അന്നുതന്നെയാണ് ബെംഗളൂരുവിലെ പ്രസിദ്ധമായ മൗണ്ട് കാര്‍മല്‍ വനിതാ കോളേജില്‍ സംവദിക്കുന്നതിനായി എത്തിയത്. 56 ഇഞ്ച് നെഞ്ചളവും വാഗ്ചാതുരിയുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രം ഇത്തരം പരിപാടികള്‍ നടത്തിയാല്‍ പോരല്ലോ. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും ഇത്തരം പരിപാടികളില്‍ പങ്കെടുക്കണമെന്നത് പാര്‍ട്ടിയുടെ ആവശ്യവുമാണല്ലോ. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനം, വനിതാ കോളേജ് എന്നിവയാല്‍ സുരക്ഷിതമായ വേദിയെന്നു കരുതി. മോദിയെപ്പോലെ ‘കോട്ടും സ്യൂട്ടു’മിട്ടല്ല പോയത്. അസാധാരണക്കാരനായ താങ്കള്‍ വെറും സാധാരണക്കാരനായി കയ്യിറക്കം കുറഞ്ഞ ഒരു ടി-ഷര്‍ട്ട് ഇട്ടാണ് പോയത്. കുടുംബ പാരമ്പര്യവും പാര്‍ട്ടിയിലെ സമുന്നത സ്ഥാനവും കൂടാതെ പാര്‍ട്ടിയിലെ അപ്രമാദിത്തവും കാരണം വേഷത്തിലൊന്നും യാതൊരു കാര്യവുമില്ലെന്ന് താങ്കള്‍ കരുതിക്കാണും.
‘ന്യൂ ജനറേഷന്‍’ താങ്കളെ പിന്തുണയ്‌ക്കാനുമുണ്ടായേക്കും. വലിയ പ്രതീക്ഷയോടെ പരിപാടിയ്‌ക്കെത്തിയ താങ്കളെ യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ വെള്ളം കുടിപ്പിച്ചു. കോണ്‍ഗ്രസുകാര്‍ പഞ്ചപുച്ഛമടക്കി താങ്കള്‍ പറയുന്നതെന്തിനും ഏറാന്‍മൂളുന്നവരായിരിക്കും. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ താങ്കളെ ഏതുവിധേനയും പിന്തുണയ്‌ക്കാന്‍ ബാധ്യസ്ഥരുമായിരുന്നേക്കാം. ‘സ്വച്ഛ് ഭാരത്’ വിജയമാണോ എന്നു ചോദിച്ചപ്പോള്‍ കുട്ടികള്‍ അതേ എന്നും പറഞ്ഞു. താങ്കള്‍ പ്രതീക്ഷിച്ചത് അല്ലാ എന്നായിരിക്കും. ‘അതേസമയം തനിക്കു തോന്നുന്നില്ല’ എന്ന് സ്വഗതം പറയുന്നത് ചാനലുകളിലൂടെ കാണാനിടയായി. ‘ജോലി ലഭിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് സദസ്സിലുണ്ടായിരുന്ന 2000 പേരില്‍ ചിലര്‍ ഇല്ല എന്നുപറഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം അടഞ്ഞതായി കാണുകയും ചെയ്തു. കോണ്‍ഗ്രസ് അഴിമതിക്കെതിരാണെന്നും വേറിട്ട ഒന്നാണെന്നും പറഞ്ഞ് കുംഭകോണങ്ങളാല്‍ കലുഷിതമായ പാര്‍ട്ടിയെ പ്രതിരോധിക്കാനും ശ്രമിക്കുന്നതുകണ്ടു.
താങ്കള്‍ക്ക് ഒന്നിനെക്കുറിച്ചും ഒരു വിവരുമില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് ബോധ്യമായി. ഒരു മണിക്കൂറിലേറെ പ്രസംഗിച്ചുവെന്നും അതിനൊടുവിലാണ് ചോദ്യങ്ങള്‍ ചോദിച്ചതെന്നും അതില്‍ അസ്വഭാവികത ഒന്നുമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളൊന്നും താങ്കള്‍ പഠിച്ചിട്ടില്ല. അതിനാല്‍തന്നെ യാതൊരു ധാരണയുമില്ല ഒന്നിനെക്കുറിച്ചും. പ്രായോഗികമല്ലാത്ത കാര്യപദ്ധതിയുമായി ഇറങ്ങിത്തിരിച്ചാല്‍ ഇതുപോലുള്ള അനുഭവങ്ങള്‍ ഇനിയുമുണ്ടായേക്കാം.
മലയാളത്തിലെ പല ദിനപത്രങ്ങളും ഈ വാര്‍ത്ത തമസ്‌കരിച്ചതിനാല്‍ മലയാളികളില്‍ പലരും ഈ സംഭവം അറിഞ്ഞില്ല എന്നതും മനസ്സിലാക്കുക.താങ്കളേക്കാള്‍ മതിപ്പും സ്വീകാര്യതയും അമ്മ ഗാന്ധിക്കുണ്ട്. ശീതകാല സമ്മേളനം പാര്‍ലമെന്റില്‍ ആരംഭിച്ചപ്പോള്‍ ഡോ.അംബേദ്കര്‍ അനുസ്മരണവേളയില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്തവരും ഭരണഘടന തയ്യാറാക്കിയതില്‍ പങ്കില്ലാത്തവരും ഇന്ന് അതിന്മേല്‍ അവകാശവാദം ഉന്നയിക്കുന്നുവെന്നും ഇതിലും വലിയ തമാശ മറ്റൊന്നില്ലെന്നും ഹിന്ദിയില്‍ എഴുതി വായിച്ച പ്രസംഗത്തിലൂടെ പറഞ്ഞിരിക്കുന്നു. കൂടാതെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത് മതേതരത്വത്തെ തൊട്ടാല്‍ രക്തപ്പുഴ ഒഴുക്കുമെന്നുമാണ്. (ഇത് പാര്‍ലമെന്റ് രേഖകളില്‍നിന്ന് മാറ്റുകയുണ്ടായി) ഇതെല്ലാം അസഹിഷ്ണുതയുടെ പ്രതിഫലനമല്ലേ.
‘അഞ്ചാംപത്തിക്കാര്‍’ ഒഴിച്ച് ഭാരതത്തിലെ എല്ലാ നേതാക്കളും അതില്‍ ആര്‍എസ്എസ് സ്ഥാപകനായ ഡോ.കെ.ബി.ഹെഡ്‌ഗെവാറും പെടുന്നു, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയവരാണ്. സ്വാതന്ത്ര്യസമര സേനാനികളായ ദശലക്ഷക്കണക്കിന് സാധാരണക്കാരുണ്ട്. അല്ലാതെ ഒരു കുടുംബത്തിനോ കോണ്‍ഗ്രസിനോ അട്ടിപ്പേറായി കിട്ടിയതല്ല സ്വാതന്ത്ര്യസമരവും ഭാരതത്തിന്റെ നവനിര്‍മാണ പ്രക്രിയയും. കോണ്‍ഗ്രസ് പാരമ്പര്യമുണ്ടായിരുന്ന പല കുടുംബങ്ങളും ഇന്ന് ദേശാഭിമാനമുള്ള പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്.
താങ്കള്‍ സ്വതന്ത്രമായി ചിന്തിക്കുക. പ്രസംഗം എഴുത്തുകാരെ മാത്രം ആശ്രയിക്കാതിരിക്കുക. പ്രശ്‌നങ്ങള്‍ പഠിക്കുകയും പ്രായോഗികതലത്തില്‍ ചിന്തിച്ച് പരിഹാരം കണ്ടെത്താനും ശ്രമിക്കുക. അതാണ് ഒരു നേതാവിന് വേണ്ട ഗുണങ്ങളില്‍ പ്രധാനം.
















