നൂറ്റാണ്ടിനിടയില്‍ കാണാത്ത പേമാരി ചെന്നൈ നഗരത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. 100 കൊല്ലത്തെ റെക്കോര്‍ഡാണ് ഈ തോരാത്തമഴ തകര്‍ത്തിരിക്കുന്നത്. മഴയില്‍ മരണം സംഭവിച്ചവരുടെ എണ്ണം 269 ആയി.
സ്തംഭനാവസ്ഥയിലായ മഹാനഗരത്തില്‍ ട്രെയിനുകളും ബസ്സുകളും ഓടുന്നില്ല. ട്രെയിനുകള്‍ റദ്ദാക്കപ്പെട്ടു. വിമാനത്താവളം അടച്ചു. ഫോണുകളും മൊബൈല്‍ ഫോണുകള്‍പോലും നിശ്ശബ്ദമായി. ഇനി മൂന്നുദിവസം കൂടി ഈ മഴ തുടരാനാണ് സാധ്യതയത്രെ. ഭാരതം പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങളുടെ ഇരയാണ്. ഇപ്പോള്‍ തന്നെ ചെന്നൈയിലെ നാശനഷ്ടം 15,000 കോടിയുടേതാണത്രെ. റണ്‍വേകളില്‍ വെള്ളംകയറി വിമാനത്താവളം അടച്ചതോടെ വിമാനം കയറാന്‍ എത്തിയ ആയിരക്കണക്കിന് യാത്രക്കാര്‍ തിരിച്ചുപോകാന്‍ നിവര്‍ത്തിയില്ലാതെ അവിടെത്തന്നെ തങ്ങിയിരിക്കുകയാണ്. ഇനി ഡിസംബര്‍ ആറിന് മാത്രമേ വിമാനത്താവളം തുറക്കുകയുള്ളൂവത്രെ. ഇവിടെ കുടുങ്ങിയ യാത്രക്കാര്‍ക്ക് വേണ്ടത്ര ഭക്ഷണമോ താമസസൗകര്യമോ ഇല്ല. അടുത്തുള്ള ഹോട്ടലുകള്‍ നിറഞ്ഞുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും അധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്തെ നാലാമത്തെ നഗരമാണ് ചെന്നൈ. ഈ മലവെള്ള ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ജീവന്മരണ പോരാട്ടം നടത്തുന്നവര്‍ക്കുള്ള ഓക്‌സിജന്‍പോലും ആശുപത്രികളില്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുതിയുടെ അഭാവം ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. ചെന്നൈ ഭാരതത്തിലെ ഓട്ടോറിക്ഷാ നിര്‍മാണ കേന്ദ്രമാണ്. മാത്രമല്ല ഇത് ഐടി ഔട്ട്‌സോഴ്‌സിങ് ഹബ് കൂടിയാണ്. ഒരു കോടി ജനങ്ങളാണ് ഗ്രേറ്റര്‍ ചെന്നൈയില്‍ താമസിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. ഓഫീസില്‍ എത്താനാകാതെ ഉദ്യോഗസ്ഥര്‍ വീട്ടില്‍ തളയ്‌ക്കപ്പെട്ടിരിക്കുന്നു.
ചെന്നൈ ക്ഷാമത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ മുന്നോടി എന്നോണം നെല്‍വയലുകളും കരിമ്പിന്‍ തോട്ടങ്ങളും മഴയില്‍ നശിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത് മഴ ഇനിയും തുടരും എന്നാണ്. ഇപ്പോള്‍ തന്നെ അടയാര്‍ നദി കരകവിഞ്ഞൊഴുകുകയാണ്. ഇനി 72 മണിക്കൂര്‍ കൂടി മഴ തുടരുമത്രെ. ദേശീയ ദുരന്തനിവാരണ സേനയുടെ 15 ടീമുകളാണ് ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരിക്കുന്നത്. മലവെള്ളം ഹൗസിങ് ബോര്‍ഡ് കോളനിയിലെ വീടുകളുടെ രണ്ടാമത്തെ നിലവരെ എത്തിനില്‍ക്കുന്നു.
വിമാനത്താവളത്തില്‍നിന്നും 1500 യാത്രക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റി. 119 വിമാനയാത്രകള്‍ റദ്ദാക്കി. 3500 ഓളം യാത്രക്കാരും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ അകപ്പെട്ട് കിടക്കുകയാണ്. ഇങ്ങനെ എയര്‍പോര്‍ട്ടില്‍ തങ്ങേണ്ടിവന്നവരെ നടന്‍ മമ്മൂട്ടി തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. എത്രപേര്‍ക്ക് വേണമെങ്കിലും ഭക്ഷണവും താമസസൗകര്യവും നല്‍കാം എന്നാണ് വാഗ്ദാനം. കൂടാതെ മറ്റിടങ്ങളില്‍ ഇപ്രകാരം ചെയ്യാന്‍ സന്മനസ്സുള്ള 20 പേരുടെ ഫോണ്‍ നമ്പറുകളും നല്‍കി. പക്ഷേ ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ. എടിഎമ്മുകളും നിശ്ചലമാണ്. പത്രങ്ങള്‍ ഇറങ്ങുന്നില്ല. 13 ട്രെയിനുകള്‍ റദ്ദാക്കി.
സ്‌കൂളുകളും കോളേജുകളും അടച്ചു. ബസ്സുകള്‍ ഓടുന്നില്ല. സര്‍ക്കാര്‍ 72119 പേരെ 432 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. അതിന് ശേഷവും യാത്രക്കാര്‍ എവിടെ പോകണം എന്നറിയാതെ കുഴങ്ങുന്നു. സൈന്യവും എയര്‍ഫോഴ്‌സും മഴ വഴിയാധാരമാക്കിയവരെ സഹായിക്കാന്‍ എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കായി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ്. സംസ്ഥാനത്തിന് ആയിരംകോടി രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചുകഴിഞ്ഞു.
കാലാവസ്ഥാ നിരീക്ഷകര്‍ 1000 മില്ലിമീറ്റര്‍ മഴകൂടി പെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. ഈ വെള്ളപ്പൊക്കത്തിന്റെ ഒരു പ്രധാന കാരണം വെള്ളത്തിന് ഒഴുകിപ്പോകാന്‍ സ്ഥലമില്ലാത്തതാണ്. വെള്ളം ഒഴുകി പോയിരുന്ന ചതുപ്പ് നിലങ്ങളെല്ലാം കോണ്‍ക്രീറ്റ് ചെയ്ത് അവിടെ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു. ചെന്നൈ ഒരു റിയല്‍ എസ്റ്റേറ്റ് ഹബ്ബായി മാറിയപ്പോള്‍ ഈവിധം അപ്രതീക്ഷിതമായ മഴയില്‍ പെരുകുന്ന വെള്ളത്തിന് ഒഴുകി പോകാനുള്ള വഴികളും ഒഴുകിയെത്താനുള്ള ചതുപ്പുനിലങ്ങളും പാടങ്ങളും എല്ലാം നികത്തപ്പെട്ടു.
ചെന്നൈ എന്ന മഹാനഗരം ഫഌറ്റ് ലോബിയുടെ തടവറയിലായി. അതിന്റെ അനന്തരഫലം കൂടിയാണ് ഈ മഴവെള്ള ദുരന്തം. അടുത്ത ദുരന്തം പകര്‍ച്ചവ്യാധി ഭീഷണിയാണ്. അടിയന്തരമായ നടപടികള്‍ സ്വീകരിച്ച് ഇത് ഒഴിവാക്കേണ്ടതാണ്. ഇതിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് മാത്രമല്ല രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തമിഴ്‌നാട്ടിലേക്ക് സഹായങ്ങള്‍ പ്രവഹിക്കണം.
















