പാലാ: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈകുന്നേരം വാഹനപരിശോധനയ്‌ക്കു പോലീസിനൊപ്പം വിദ്യാര്‍ഥികളും.
പാലാ സെന്റ് തോമസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമസാക്ഷരതാ ട്രാഫിക് ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ഥികളും പോലീസിനൊപ്പം നിരത്തിലിറങ്ങിയത്.
കുട്ടികള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണു വാഹന പരിശോധനയ്‌ക്കു പോലീസിനെ സഹായിച്ചത്. ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് വാഹനമോടിച്ചവര്‍ക്ക് മിഠായിയും ഒപ്പം അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കാര്‍ഡുകളും നിയമം പാലിക്കാത്തവര്‍ക്ക് ട്രാഫിക് നിയമം പാലിക്കണമെന്ന് ഉപദേശിക്കുന്ന കാര്‍ഡും കൈമാറിയപ്പോള്‍ യാത്രക്കാര്‍ക്ക് കൗതുകകരമായ അനുഭവമായി.
നേരത്തേ നടന്ന ബോധവത്കരണ സെമിനാറില്‍ അഡ്വ. ചാക്കോ തോമസ്, പാലാ സിഐ ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പ്രിന്‍സിപ്പല്‍ മാത്യു എം. കുര്യാക്കോസ്, സാബു ജോര്‍ജ്, പി.ജെ. മാത്യു, ജോബിച്ചന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് അധ്യാപകരായ സെല്‍മ ജോര്‍ജ്, ബിന്ദു മാത്യു, റ്റിസി കുര്യന്‍, ആഷ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















