തളിപ്പറമ്പ്: അഗതിമന്ദിരത്തിലെ അന്തേവാസിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പട്ടുവം മുതലപ്പാറ സെന്റ് ജോസഫ് അഗതിമന്ദിരത്തിലെ അന്തേവാസിയെയാണ് കഴിഞ്ഞദിവസം പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നാല് പെണ്‍കുട്ടികള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുറി കുത്തിത്തുറന്ന് അകത്തു കയറിയ അക്രമി പുന്നാട് സ്വദേശിനിയായ യുവതിയെ പുറത്തെടുത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് മറ്റ് അന്തേവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു. പരിസരവുമായി നല്ല ബന്ധമുള്ള ആളാണ് അക്രമിയെന്നാണ് സൂചന. യുവതിയുടെ മൊഴിയില്‍ നിന്നും ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തളിപ്പറമ്പ് എസ്‌ഐ കെ.ജെബിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
















