കണ്ണൂര്‍: സാഹസിക അക്കാദമിയുടെ ദ്വിദിന സാഹസിക ക്യാമ്പിന് തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പൂമംഗലത്ത് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സുമേഷ് കമാന്റോ ബ്രിഡ്ജ്, റിവര്‍ ക്രോസിങ് എന്നീ സാഹസിക ഇനങ്ങളില്‍ പങ്കെടുത്തുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നായി മുപ്പതോളം യുവതീയുവാക്കളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. റോപ് അഡ്വഞ്ചര്‍ ഇനങ്ങളായ ബര്‍മാ ബ്രിഡ്ജ്, റിവര്‍ ക്രോസിങ്, ജൂമറിങ്, റാപ്പല്ലിങ്, കമാന്റോ ബ്രിഡ്ജ്, ട്രസ്റ്റ് ഫാള്‍, മലകയറ്റം തുടങ്ങിയവയും യോഗ, പ്രഥമശുശ്രൂഷ, ദുരന്തനിവാരണം എന്നീ വിഷയങ്ങളിലുള്ള ക്ലാസും ക്യാമ്പില്‍ നടക്കും. തിരുവനന്തപുരത്തെ അക്കാദമി ഫോര്‍ മൗണ്ടനീയറിങ് ആന്റ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് (അമാസ്) ആണ് ക്യാമ്പിന് സാങ്കേതിക സഹായം നല്‍കുന്നത്. പരിയാരം ഗ്രാമപഞ്ചായത്ത് അംഗം ടി.ഷീബ, സാഹസിക അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ പി.പ്രണീത, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന്‍ പാലയാട്, അമാസ് ഡയരക്ടര്‍ രാജേന്ദ്രന്‍, ജയകൃഷ്ണന്‍, രത്‌നദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് നടക്കുന്ന സമാപനച്ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജീജ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.
















