കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് വിമതന്‍ കെ.കെ.രാഗേഷിന്റെ പിതാവിന്റെ സ്മൃതിമന്ദിരത്തിന് ചുവന്ന ചായം പൂശി. രാഗേഷിന്റെ പിതാവ് പുതിയാറമ്പത്ത് ഗോവിന്ദന്റെ സ്മൃതി മണ്ഡപത്തിനാണ് കഴിഞ്ഞദിവസം രാവിലെ ചുവന്ന ചായം പൂശിയതായി കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപം വൃത്തിയാക്കിയിരുന്നു. ഇതിന്റെ തറഭാഗത്താണ് ചായംപൂശിയത്. കഴിഞ്ഞ ദിവസം നടന്ന കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് ഇടതുമുന്നണിക്ക് വോട്ടു ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ചായം പൂശലിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് രാഗേഷ് ആരോപിച്ചു. പയ്യാമ്പലം ശ്മശാനം കയ്യടക്കാന്‍ ശ്രമിച്ച ഭൂമാഫിയയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ഇതിന് പിന്നിലും എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാഗേഷ് കുറ്റപ്പെടുത്തി.
















